വിമാന ടിക്കറ്റ് നിരക്കുകളിൽ അസാധാരണ സാഹചര്യങ്ങളിൽ ഇടപെടാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെയും (ATF) അസംസ്കൃത എണ്ണയുടെയും വില ഉയർന്നതിനെത്തുടർന്ന് വിമാനയാത്രാ നിരക്കുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
കേന്ദ്ര വ്യോമയാന മന്ത്രാലയം വിജ്ഞാപനം ചെയ്ത ഭാരതീയ വായുയാൻ നിയമങ്ങൾ, 2026 പ്രകാരം, അസാധാരണ സാഹചര്യം ഉണ്ടാകുകയും പൊതുതാൽപര്യം കണക്കിലെടുത്ത് ഇടപെടൽ ആവശ്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്താൽ വിമാനക്കമ്പനികൾക്ക് നിരക്കുകൾ സംബന്ധിച്ച് നിർദേശങ്ങൾ നൽകാൻ കേന്ദ്ര സർക്കാരിന് കഴിയും. സാഹചര്യത്തിന് ആനുപാതികമായിരിക്കണം ഇത്തരം നിർദേശങ്ങൾ. നിശ്ചിത കാലയളവിലേക്ക് മാത്രമേ അവയ്ക്ക് പ്രാബല്യമുണ്ടാകൂ.
പുതിയ നിയമത്തിലെ റൂൾ 192 പ്രകാരം, ഷെഡ്യൂൾഡ് വിമാന സർവീസുകൾ നടത്തുന്ന കമ്പനികൾ പ്രവർത്തനച്ചെലവ് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (DGCA) സമർപ്പിക്കുകയും വേണം.
വിലനിർണയത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനായി വിമാനക്കമ്പനികൾ വെബ്സൈറ്റുകളിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിക്കണം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തും ടിക്കറ്റിലും യാത്രക്കാർ അടയ്ക്കേണ്ട ആകെ തുക വ്യക്തമായി രേഖപ്പെടുത്തണമെന്നും പുതിയ ചട്ടങ്ങൾ നിർദേശിക്കുന്നു.
അടിസ്ഥാന ടിക്കറ്റ് നിരക്ക്, നികുതികൾ, മറ്റ് ഫീസുകൾ, റദ്ദാക്കൽ ചാർജുകൾ, റീഫണ്ട് വ്യവസ്ഥകൾ, അധിക നിരക്കുകൾ എന്നിവ പ്രത്യേകം കാണിക്കണം. സർക്കാർ ഈടാക്കുന്ന നികുതികളും വിമാനക്കമ്പനികൾ സേവനങ്ങൾക്കും സൗകര്യങ്ങൾക്കുമായി ഈടാക്കുന്ന ഫീസുകളും തമ്മിൽ വ്യക്തമായ വേർതിരിവും വേണം. ഷെഡ്യൂൾഡ് വിമാനക്കമ്പനികൾ നിശ്ചയിക്കുന്ന നിരക്കുകൾ ഡിജിസിഎ നിരീക്ഷിക്കും.
1994ലാണ് ഇന്ത്യയിൽ വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. ഇതോടെ വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് നിരക്കുകൾ നിശ്ചയിക്കാൻ വിമാനക്കമ്പനികൾക്ക് സ്വാതന്ത്ര്യം ലഭിച്ചു. യാത്രക്കാരുടെ ആവശ്യകത, പ്രവർത്തനച്ചെലവ്, ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം തുടങ്ങിയ ഘടകങ്ങളാണ് സാധാരണയായി നിരക്കുകളെ സ്വാധീനിക്കുന്നത്.
നേരത്തെ നിലവിലുണ്ടായിരുന്ന 1937ലെ എയർക്രാഫ്റ്റ് നിയമത്തിലെ റൂൾ 135(4) പ്രകാരം അമിത നിരക്ക് ഈടാക്കൽ, വിപണിയിലെ കുത്തക സ്വഭാവത്തിലുള്ള നടപടികൾ തുടങ്ങിയ സാഹചര്യങ്ങളിൽ ഡിജിസിഎയ്ക്ക് നിർദേശങ്ങൾ നൽകാൻ അധികാരമുണ്ടായിരുന്നു. എന്നാൽ പുതിയ റൂൾ 192ൽ ഇത്തരം സാഹചര്യങ്ങളെ സർക്കാർ ഇടപെടലിനുള്ള പ്രത്യേക കാരണങ്ങളായി എടുത്തുപറയുന്നില്ല. പകരം, അസാധാരണ സാഹചര്യങ്ങളിലും പൊതുതാൽപര്യം മുൻനിർത്തിയും വിമാന ടിക്കറ്റ് നിരക്കുകളിൽ ഇടപെടാനുള്ള അധികാരമാണ് പുതിയ ചട്ടക്കൂട് കേന്ദ്ര സർക്കാരിന് നൽകുന്നത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



