നാസ്ഡാക് 2.86% ഇടിഞ്ഞു
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വന്‍ നിക്ഷേപങ്ങള്‍ എപ്പോള്‍ ലാഭമായി മാറുമെന്ന ആശങ്കയും പ്രമുഖ ടെക് കമ്പനികളുടെ മോശം പ്രകടനവും അമേരിക്കന്‍ ഓഹരി വിപണിയില്‍ കനത്ത വില്‍പ്പനയ്ക്ക് വഴിവെച്ചു. ഒക്ടോബര്‍ 30 വെള്ളിയാഴ്ച നാസ്ഡാക് കോംപസിറ്റ് 2.86 ശതമാനം ഇടിഞ്ഞ് 25,437ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 1.82 ശതമാനം താഴ്ന്ന് 7,580.07ലും ഡൗ ജോണ്‍സ് 1.09 ശതമാനം നഷ്ടത്തോടെ 51,770.31ലുമെത്തി. ഒക്ടോബര്‍ 6ലെ റെക്കോര്‍ഡ് ക്ലോസിങ് നിലവാരത്തില്‍നിന്ന് നാസ്ഡാക് ഇപ്പോള്‍ 7.8 ശതമാനം താഴെയാണ്. എഐ ഡാറ്റാ സെന്ററുകള്‍ക്കും ചിപ്പുകള്‍ക്കും കംപ്യൂട്ടിങ് ശേഷിക്കുമായി വന്‍തുക ചെലവഴിക്കുന്ന കമ്പനികള്‍ക്ക് അതിനനുസരിച്ചുള്ള വരുമാനവും ലാഭവും ലഭിക്കുമോയെന്നതാണ് നിക്ഷേപകരുടെ പ്രധാന ആശങ്ക. ഇന്റലിന്റെ ഓഹരി വില 28.6 ശതമാനം ഇടിഞ്ഞു. എന്‍വിഡിയ 4.2 ശതമാനവും എഎംഡി 10.9 ശതമാനവും മൈക്രോണ്‍ 5.3 ശതമാനവും താഴ്ന്നു. എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ ഭാവി വായ്പാ റേറ്റിങ്ങിനെക്കുറിച്ചുള്ള ആശങ്കയും വിപണിയെ ബാധിച്ചു.
എന്‍വിഡിയ സെര്‍വര്‍ ഇബേയില്‍ വില്‍പ്പനക്ക്
എന്‍വിഡിയയുടെ എഐ സൂപ്പര്‍കമ്പ്യൂട്ടറിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന വന്‍ സെര്‍വര്‍ സംവിധാനം 59.7 മില്യണ്‍ ഡോളറിന് അഥവാ ഏകദേശം 5,300 കോടി രൂപയ്ക്ക് ഇ-ബേയില്‍ വില്‍പ്പനയ്ക്ക് വില്‍പ്പനക്ക് വെച്ചു. 300 സെര്‍വര്‍ റാക്കുകളിലായി 9,600 എന്‍വിഡിയ എ100 ജിപിയുകളും 4,200 എഎംഡി ഇപിവൈസി പ്രോസസറുകളുമടങ്ങുന്നതാണ് ഈ സംവിധാനം. അമേരിക്കന്‍ ഐടി ഹാര്ഡ്വെയര് റീസെല്ലറായ കോര്‍ 4 സൊലൂഷന്‍സാണ് ഇവ വില്‍പ്പനയ്ക്ക് വെച്ചത്. പഴയ തലമുറയിലെ വന്‍കിട ജിപിയു സംവിധാനങ്ങള്‍ക്കും വിപണിയില്‍ ആവശ്യക്കാരുണ്ടെന്നതിന്റെ സൂചനയായാണ് ഈ വില്പ്പനശ്രമം വിലയിരുത്തപ്പെടുന്നത്.
യുഎസ്-ഇറാന് ചര്‍ച്ചകള്‍ ദോഹയിലേക്ക്
യുഎസും ഇറാനും തമ്മില്‍ രൂപപ്പെടാനിടയുള്ള പുതിയ ധാരണയുടെ കരട് നിര്‍ദേശങ്ങളില്‍ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം മൂന്നാം രാജ്യത്തേക്ക് മാറ്റുന്നതും ഹോര്‍മുസ് കടലിടുക്ക് വീണ്ടും അന്താരാഷ്ട്ര കപ്പല്‍ഗതാഗതത്തിനായി തുറക്കുന്നതും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. അല്‍ അറബിയയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് പുറത്തുവന്ന വിവരമനുസരിച്ച്, ഇറാന്റെ കൈവശമുള്ള ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം പരസ്പരം സമ്മതിക്കുന്ന മറ്റൊരു രാജ്യത്തേക്ക് മാറ്റുകയോ അതിന്റെ സമ്പുഷ്ടീകരണ തോത് കുറയ്ക്കുകയോ ചെയ്യാനാണ് നിര്‍ദേശം. പ്രാഥമിക ധാരണയിലെത്തിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ഗതാഗതത്തിനായി തുറക്കണമെന്നും കരട് നിര്‍ദേശിക്കുന്നു. വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ ഇസ്താംബൂളിന് പകരം ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നടത്താനും ആലോചനയുണ്ട്. കരാറിന്റെ നടപ്പാക്കല്‍ ഉറപ്പാക്കാന്‍ ചൈനയ്ക്ക് ഗ്യാരന്ററുടെ പങ്ക് നല്‍കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
നാവിക് വിക്ഷേപണം വിജയകരം
ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് (NavIC) കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി എന്‍വിഎസ്-03 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് ജിഎസ്എല്‍വി-എഫ്18 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിഎസ്എല്‍വിയുടെ ഇരുപതാമത്തെ ദൗത്യമായിരുന്നു ഇത്. ഉപഗ്രഹത്തെ ജിയോസിങ്ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ വിജയകരമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ത്യയുടെ അടുത്ത തലമുറ നാവിഗേഷന്‍ ഉപഗ്രഹ പരമ്പരയിലെ മൂന്നാമത്തേതാണ് എന്‍വിഎസ്-03. ഇന്ത്യയിലും രാജ്യത്തിന്റെ അതിര്‍ത്തിക്ക് ചുറ്റുമുള്ള 1,500 കിലോമീറ്റര്‍ മേഖലയിലും നാവിഗേഷന്‍ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. നിലവിലുള്ള എല്‍5, എസ് ബാന്‍ഡ് സിഗ്നലുകള്‍ക്കൊപ്പം പുതിയ എല്‍1 സിഗ്നലും ഉപഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ കൂടുതല്‍ ഉപകരണങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും നാവിക് സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



