യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രധാനപ്പെട്ട ഒരു സാമ്പത്തിക മാറ്റമാണ് വരാനിരിക്കുന്നത്. 2026 നവംബർ 30 മുതൽ യുകെ സ്റ്റുഡന്റ് വിസയ്ക്കുള്ള മാസംതോറുമുള്ള ജീവിതച്ചെലവ് തെളിയിക്കാനുള്ള തുകയിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. യുകെയിൽ പഠനത്തിന് എത്തുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിന് പണമുണ്ടെന്ന് കാണിക്കാൻ കഴിയണമെന്ന നിയമം കൂടുതൽ കർശനമാക്കുകയാണ് ഇതിലൂടെ ബ്രിട്ടീഷ് സർക്കാർ ചെയ്യുന്നത്. പണപ്പെരുപ്പവും ജീവിതച്ചെലവിലുണ്ടായ വർദ്ധനവും കണക്കിലെടുത്താണ് ഈ പുതിയ മാറ്റം നടപ്പിലാക്കുന്നത്.
പോക്കറ്റ് കൂടുതൽ ചോരും
ഈ പുതിയ നിയമപ്രകാരം ലണ്ടൻ നഗരത്തിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ വിസ അപേക്ഷയ്ക്കായി വലിയ തുക തന്നെ മുൻകൂട്ടി കാണിക്കേണ്ടതുണ്ട്. ലണ്ടനിൽ താമസിച്ചു പഠിക്കുന്നവർ പ്രതിമാസം ഏകദേശം രണ്ട് ലക്ഷം രൂപയോളം, 1,570 പൗണ്ട് അതായത് 9 മാസത്തേക്ക് ആകെ ഏകദേശം 17.97 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ ഉള്ളതായി തെളിയിക്കണം. എന്നാൽ ലണ്ടന് പുറത്തുള്ള മറ്റ് നഗരങ്ങളിലെ യൂണിവേഴ്സിറ്റികളിലാണ് പഠിക്കുന്നതെങ്കിൽ പ്രതിമാസം ഏകദേശം 1.53 ലക്ഷം രൂപ വീതം 9 മാസത്തേക്ക് ആകെ 13.77 ലക്ഷം രൂപ 10,827 പൗണ്ട് കാണിച്ചാൽ മതിയാകും. ട്യൂഷൻ ഫീസിന് പുറമെയാണിത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.
വിദ്യാർത്ഥികൾ തങ്ങളുടെ പേഴ്സണൽ അക്കൗണ്ടിലാണ് ഈ തുക കാണിക്കുന്നതെങ്കിൽ, അത് കുറഞ്ഞത് 28 തുടർച്ചയായ ദിവസങ്ങളെങ്കിലും ആ അക്കൗണ്ടിൽ ഉണ്ടായിരിക്കണം എന്നൊരു നിബന്ധനയുമുണ്ട്. കൂടാതെ ട്യൂഷൻ ഫീസിന് പുറമെ വിസ ഫീസ്, ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് . താമസച്ചെലവുകൾ, യാത്രാക്കൂലി എന്നിവയ്ക്കുള്ള പണവും വിദ്യാർത്ഥികൾ മുൻകൂട്ടി തന്നെ കണക്കുകൂട്ടേണ്ടതുണ്ട്. നവംബർ 30-നോ അതിനുശേഷമോ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഈ പുതിയ സാമ്പത്തിക മാനദണ്ഡങ്ങൾ പാലിക്കാൻ നിർബന്ധിതരാണ്.
ചെലവ് വരുന്ന വഴികൾ
യുകെയിൽ 4 വർഷത്തെ ബാച്ചിലേഴ്സ് ഡിഗ്രി പഠനത്തിന് ആകെ വരുന്ന ചെലവ് പ്രധാനമായും ട്യൂഷൻ ഫീസ്, ജീവിതച്ചെലവ്, വിസാ-ആരോഗ്യ ഇൻഷുറൻസ് ഫീസുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ഇംഗ്ലണ്ടിലും മറ്റ് ചില ഭാഗങ്ങളിലും ബാച്ചിലേഴ്സ് ഡിഗ്രി സാധാരണയായി 3 വർഷമാണെങ്കിലും, സ്കോട്ട്ലൻഡിലെ സർവ്വകലാശാലകളിലോ അല്ലെങ്കിൽ വിത്ത് പ്ലേസ്മെന്റ് ഇയർ അല്ലെങ്കിൽ സാൻഡ്വിച്ച് കോഴ്സുകളിലോ പഠിക്കുമ്പോൾ 4 വർഷത്തെ കോഴ്സുകളാണ് ഉണ്ടാകാറുള്ളത്. ഒരു ശരാശരി കണക്കനുസരിച്ച്, 4 വർഷത്തെ മൊത്തം കോഴ്സിനായി ഏകദേശം 80 ലക്ഷം രൂപ മുതൽ 1.5 കോടി രൂപ വരെ രൂപ ചെലവ് പ്രതീക്ഷിക്കാം.
ട്യൂഷൻ ഫീ കൂടുതൽ
ഇതിൽ ഏറ്റവും വലിയ വിഹിതം വരുന്നത് യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ ട്യൂഷൻ ഫീസ് ശരാശരി 12,000 പൗണ്ട് മുതൽ 25,000 പൗണ്ട് വരെയാണ് വരുന്നത് . കോഴ്സും സർവ്വകലാശാലയും അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം. അതുകൊണ്ട് 4 വർഷത്തെ പഠനത്തിന് മാത്രം ഏകദേശം 48,000 മുതൽ 1,00,000 പൗണ്ട് വരെ , ഏകദേശം 50 ലക്ഷം മുതൽ 1.05 കോടി രൂപ വരെ ഫീസിനത്തിൽ ആവശ്യമായി വരും. മെഡിക്കൽ അല്ലെങ്കിൽ ക്ലിനിക്കൽ കോഴ്സുകൾക്ക് ഫീസ് ഇതിലും വളരെ കൂടുതലായിരിക്കും.
രണ്ടാമത്തെ പ്രധാന ചെലവ് താമസവും ഭക്ഷണവും ഉൾപ്പെടുന്ന ജീവിതച്ചെലവാണ്. ലണ്ടൻ നഗരത്തിലാണ് പഠിക്കുന്നതെങ്കിൽ ഒരു വർഷത്തേക്ക് ഏകദേശം 15 ലക്ഷം രൂപയും , ലണ്ടന് പുറത്താണെങ്കിൽ ഒരു വർഷത്തേക്ക് ഏകദേശം ഏകദേശം 11.5 ലക്ഷം രൂപയും ജീവിതച്ചെലവുകൾക്കായി വേണം. അങ്ങനെ 4 വർഷത്തേക്ക് താമസത്തിനും മറ്റ് അനുബന്ധ ചെലവുകൾക്കുമായി 45 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ വരും. ഇതിന് പുറമെ വിസ അപേക്ഷാ ഫീസ്, ഏകദേശം 55,000 രൂപ, ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് 4 വർഷത്തേക്ക് ഏകദേശം 3.3 ലക്ഷം രൂപ, ഫ്ലൈറ്റ് ടിക്കറ്റുകൾ എന്നിവയ്ക്കുള്ള തുകയും മുൻകൂട്ടി കരുതണം .
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



