ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിസ്കിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന അന്വേഷണം മദ്യവ്യവസായത്തിൽ ആശങ്ക സൃഷ്ടിക്കുന്നു. ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ പ്രധാന വ്യാപാര തർക്കമായി ഈ വിഷയം മാറിയിരിക്കുകയാണ്. ഏകദേശം 65 ബില്യൺ ഡോളറിന്റെ ആഗോള വിസ്കി വിപണിയെയും ഈ തർക്കം ബാധിക്കാനിടയുണ്ട്.
ഇന്ത്യ-യുകെ വ്യാപാര കരാർ പ്രകാരം സ്കോച്ച് വിസ്കി ഉൾപ്പെടെയുള്ള ചില ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയ്ക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് 40 ശതമാനമായി കുറയ്ക്കാനും ധാരണയായിരുന്നു. ജൂലൈ 15 മുതലാണ് കരാർ നടപ്പിലായത്. ഇതിലൂടെ ബ്രിട്ടീഷ് വിസ്കി ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വിലക്കുറവ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ, ബ്രിട്ടനിൽ നിന്ന് വൻതോതിൽ ഇറക്കുമതി ചെയ്യുന്ന ബൾക്ക് സ്കോച്ച് വിസ്കിക്ക് 75 ശതമാനം കുറഞ്ഞ തീരുവയുടെ ആനുകൂല്യം ലഭിക്കില്ലെന്നാണ് ഇന്ത്യൻ അധികൃതരുടെ നിലപാടെന്നാണ് റിപ്പോർട്ട്. കുപ്പികളിലാക്കി ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിസ്കിക്ക് കുറഞ്ഞ തീരുവ ബാധകമാണെങ്കിലും, ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന വിസ്കി ബ്രാൻഡുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ബൾക്ക് ഇറക്കുമതിക്ക് പഴയ 150 ശതമാനം തീരുവ തന്നെ ബാധകമാക്കണമെന്നാണ് അധികൃതരുടെ വാദം.
പുതിയ കസ്റ്റംസ് വർഗീകരണ പ്രകാരം പാനീയങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ‘കോമ്പൗണ്ട് ആൽക്കഹോളിക് പ്രിപ്പറേഷൻസ്’ എന്ന വിഭാഗത്തിലാണ് ഇത്തരം ഇറക്കുമതികളെ ഉൾപ്പെടുത്തേണ്ടതെന്നാണ് നികുതി ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ ഈ വർഗീകരണത്തെ മദ്യനിർമാണ കമ്പനികൾ എതിർക്കുകയാണ്. ബൾക്ക് സ്കോച്ച് വിസ്കി ഒരു പ്രത്യേക വാറ്റിയെടുത്ത മദ്യമാണെന്നും ഫ്ലേവർ ചേർത്തതോ മാറ്റം വരുത്തിയതോ ആയ ആൽക്കഹോൾ ഉൽപ്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നുമാണ് വ്യവസായ മേഖലയുടെ വാദം.
ഡയാജിയോ, പെർനോഡ് റിക്കാർഡ്, റാഡിക്കോ ഖൈതാൻ, അലൈഡ് ബ്ലെൻഡേഴ്സ് ആൻഡ് ഡിസ്റ്റിലേഴ്സ് തുടങ്ങിയ പ്രമുഖ കമ്പനികളെയാണ് ഈ വിഷയം ബാധിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും ആഴ്ചകളിൽ നിരവധി കമ്പനികളുടെ ഓഫീസുകളിൽ പരിശോധനയും നടന്നിട്ടുണ്ട്.
ഇന്ത്യയാണ് അളവിന്റെ അടിസ്ഥാനത്തിൽ സ്കോച്ച് വിസ്കിയുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി വിപണി. 2025ൽ 22 കോടിയിലധികം കുപ്പികൾക്ക് തുല്യമായ സ്കോച്ച് വിസ്കിയാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. ബ്രിട്ടനിൽ നിന്നുള്ള സ്കോച്ച് വിസ്കി ഇറക്കുമതിയുടെ ഏകദേശം 80 ശതമാനവും ബൾക്ക് രൂപത്തിലാണ് എത്തുന്നത്. ഇവയിൽ വലിയൊരു ഭാഗം ഇന്ത്യൻ നിർമിത വിദേശമദ്യമായ (IMFL) വിസ്കി ഉൽപ്പന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നു.
ഇന്ത്യൻ ധാന്യങ്ങളിൽ നിന്നുള്ള മദ്യത്തോടൊപ്പം ഇറക്കുമതി ചെയ്യുന്ന സ്കോച്ച് മാൾട്ടുകൾ ചേർത്താണ് ഇത്തരം ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്. പെർനോഡ് റിക്കാർഡിന്റെ ബ്ലെൻഡേഴ്സ് പ്രൈഡ് ഇതിന് ഉദാഹരണമാണ്. ഡയാജിയോ ഉൾപ്പെടെയുള്ള വിദേശ കമ്പനികളും ഇന്ത്യൻ മദ്യനിർമാതാക്കളും ഈ രീതിയിൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്.
വിഷയം പരിഹരിക്കാൻ ഇന്ത്യൻ സർക്കാരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര കരാറിൽ ധാരണയായ തീരുവ ആനുകൂല്യങ്ങൾ ബ്രിട്ടീഷ് കമ്പനികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ബ്രിട്ടീഷ് അധികൃതർ അറിയിച്ചു. സ്കോട്ട്ലൻഡ് നേതാവ് ജോൺ സ്വിന്നിയും അടുത്തിടെ ഇന്ത്യാ സന്ദർശനത്തിനിടെ വിഷയം ഉന്നയിച്ചിരുന്നു.
ബൾക്ക് സ്കോച്ച് ഇറക്കുമതിക്ക് തീരുവ ഇളവ് നിഷേധിക്കുന്നത് ഇന്ത്യ-യുകെ വ്യാപാര കരാറിലൂടെ ലഭിക്കേണ്ട വിപണി പ്രവേശന ആനുകൂല്യങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് അന്താരാഷ്ട്ര മദ്യവ്യവസായ സംഘടനകളുടെ ആശങ്ക. അതേസമയം, ബൾക്ക് ഇറക്കുമതിക്ക് ഉയർന്ന തീരുവ തുടരുന്നത് വിദേശത്ത് നിർമിച്ച കുപ്പി വിസ്കിയുടെ ഇറക്കുമതി പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയിലെ ആഭ്യന്തര മദ്യനിർമാണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാമെന്ന് ഇന്ത്യൻ മദ്യനിർമാണ കമ്പനികളുടെ സംഘടനയും ചൂണ്ടിക്കാട്ടുന്നു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



