രേഷ്മ കെ എസ്
കൊച്ചിയിലെ ഒരു സാധാരണ ഞായറാഴ്ച രാവിലെ… നഗരത്തിലെ പല ഡയറ്റ് ഫുഡ് സേവനങ്ങളും അവധി ആസ്വദിക്കുമ്പോൾ, കൊച്ചി എളംകുളത്തെ ഒരു അടുക്കളയിൽ തിരക്കിന് കുറവില്ല. ഓർഡർ ലിസ്റ്റ് നോക്കി ഭക്ഷണം തയ്യാറാക്കുന്നതിന്റെ തിരക്കാണ്. അവയിൽ ഞായറാഴ്ച പതിവുകാരുടെ മാത്രം എണ്ണമെടുത്താൽ മുപ്പതിലധികമുണ്ട്. ഓരോന്നിനും വ്യത്യസ്തമായ പോഷകാവശ്യങ്ങൾ, വ്യത്യസ്ത ആരോഗ്യ ലക്ഷ്യങ്ങൾ, വ്യത്യസ്ത ജീവിതശൈലികൾ. അതാണ് ബിയോണ്ട് കാലറീസ്.

പേര് സൂചിപ്പിക്കുന്നതുപോലെ, പ്രതിദിന കലോറിക്കപ്പുറം ആരോഗ്യകരമായ ഭക്ഷണം നല്കുന്ന ഒരു സംരംഭം. അതിന്റെ സ്ഥാപകയായ അമൃത ശങ്കർ വിശ്വസിക്കുന്നത് ഒറ്റ കാര്യത്തിലാണ് “ആരോഗ്യകരമായ ഭക്ഷണം എന്നത് കലോറി മാത്രമല്ല, അതിനുമപ്പുറമൊരു ജീവിത രീതിയാണ്.”
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനിച്ച് വളർന്ന അമൃതയുടെ ആദ്യ സ്വപ്നം സംരംഭകത്വമോ പോഷകശാസ്ത്രമോ ആയിരുന്നില്ല. അവൾക്ക് നൃത്തമായിരുന്നു ജീവൻ. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ സംസ്ഥാന കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട ആ വിദ്യാർത്ഥിനി, ഒരിക്കൽ പ്രൊഫഷണൽ നർത്തകിയാകണമെന്നാണ് സ്വപ്നം കണ്ടത്. എന്നാൽ “ഡാൻസ് ടീച്ചറായിട്ട് എന്ത് ചെയ്യാനാണ്?” എന്ന സമൂഹത്തിന്റെ പതിവ് ചോദ്യങ്ങൾ അവളുടെ ജീവിതദിശ മാറ്റി. കലയിൽ നിന്ന് ശാസ്ത്രത്തിലേക്ക് വഴിമാറിയ അമൃത ബയോ സയൻസ് തിരഞ്ഞെടുത്തു. പിന്നീട് ക്ലിനിക്കൽ ഡയറ്ററ്റിക്സ് ആൻഡ് ന്യൂട്രീഷനിൽ ബിരുദാനന്തര ബിരുദം നേടി. ആ തീരുമാനമാണ് വർഷങ്ങൾക്ക് ശേഷം ഒരു പുതിയ സംരംഭത്തിന്റെ അടിത്തറയായി മാറിയത്.
ഒരു കോളേജ് യാത്രയ്ക്കിടെയായിരുന്നു ആദ്യ വിത്ത് പാകപ്പെട്ടത്. കോയമ്പത്തൂരിലേക്കുള്ള യാത്രയിൽ സുഹൃത്തുമായി നടത്തിയ സംഭാഷണം ആരോഗ്യകരമായ ഭക്ഷണശാലകളെ കുറിച്ചായിരുന്നു. ഡയറ്റ് ഫുഡ് സംരംഭങ്ങൾ രാജ്യത്തിന് പുറത്ത് സജീവമാണെന്നും ഇന്ത്യയിലും അത്തരം ആശയങ്ങൾക്ക് സാധുതയുണ്ടെന്നും സാധാരണയെന്നോണം സംസാരിച്ച് പോയി. അന്നത്തെ ആ ചർച്ച അവിടെ അവസാനിച്ചെങ്കിലും, ആശയം മനസ്സിൽ എവിടെയോ സൂക്ഷിക്കപ്പെട്ടു.

വർഷങ്ങൾക്ക് മുൻപ് തന്നെ ക്ലിനിക്കൽ ഡയറ്റീഷ്യനായി യുഎഇയിലെത്തിയ അമൃത അവിടെ കുടുംബസമേതം സ്ഥിര താമസമാക്കിയിരുന്നു. അതിനിടെ അവിടെയൊരു ക്ലിനിക് തുടങ്ങിയിരുന്നുവെങ്കിലും കോവിഡ് വെല്ലുവിളിയായതോടെ അവസാനിപ്പിക്കേണ്ടി വന്നു. അപ്പോഴെല്ലാം നാട്ടിലൊരു ഡയറ്റ് ഭക്ഷണ സംരംഭം എന്ന മോഹം മനസ്സിൽ സൂക്ഷിച്ചിരുന്ന അമൃത കേരളത്തിലെത്തുമ്പോൾ കൊച്ചിയിലേതുൾപ്പടെ വിവിധ ഡയറ്റ് ഫുഡുകൾ കഴിച്ച് നോക്കാറുണ്ടായിരുന്നു. പക്ഷേ പല ഭക്ഷണങ്ങളിലും പോഷക കുറവ് അമൃത ശ്രദ്ധിച്ചു. പലരും പിന്തുടർന്നിരുന്ന മെനുകളും ആവർത്തന സ്വഭാവമുള്ളതായിരുന്നു. ഡയറ്റ് ഫുഡ് എന്ന പേരിൽ ലഭിക്കുന്ന ഭക്ഷണത്തിൽ ശാസ്ത്രീയമായ വ്യക്തിഗത സമീപനം കുറവാണെന്നും തോന്നി. 15 വർഷത്തിലേറെ അനുഭവ സമ്പത്തുളള ക്ലിനിക്കൽ ഡയറ്റീഷ്യനും സംരംഭമോഹിയുമായിരുന്ന അമൃത ശങ്കർ അവസരം ഇപ്പോഴുമുണ്ടെന്ന് ഉറപ്പിച്ചു.
അങ്ങനെ 2024-ൽ മാർക്കറ്റ് പഠനവും സാധുതാ പഠനവും നടത്താൻ അമൃത യുഎഇയിൽ താമസിക്കെ തന്നെ കൊച്ചിയിൽ ടീമിനെ നിയമിച്ചു. എന്നാൽ ഒരു ഭക്ഷണം കഴിച്ചാലത് വീട്ടിൽ പോയി പരീക്ഷിച്ച് നോക്കുന്ന മലയാളികൾക്കിടയിൽ ഈ സംരംഭം നടത്തണോ എന്നായിരുന്നു അവരിൽ നിന്ന് തന്നെ ലഭിച്ച പ്രതികരണമെന്ന് അമൃത പറയുന്നു. കൊച്ചിക്ക് പകരം ബാംഗ്ലൂരോ മുംബൈയോ പോലുളള നഗരങ്ങൾ തിരഞ്ഞെടുക്കാമെന്നും നിർദേശം ലഭിച്ചു. എന്നാൽ അമൃത പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ വിപണി പ്രതികരണം വിലയിരുത്തി പിന്നീട് വികസിപ്പിക്കാമെന്നായി.
2024ൽ തന്നെ യുഎഇയിൽ താമസിക്കുമ്പോൾ ഒരു യാത്രയ്ക്കിടെ ബിയോണ്ട് ജ്യൂസിംഗ്” എന്ന ബോർഡ് അമൃതയുടെ ശ്രദ്ധയിൽപ്പെട്ടു. ആരോഗ്യകരമായ ഭക്ഷണം കലോറിയിൽ ഒതുങ്ങുന്നതല്ല എന്ന അമൃതയുടെ വിശ്വാസവുമായി ആ പേര് ചേർന്ന് നിന്നു. “ഹെൽത്തി ഈറ്റിംഗ് ഈസ് ബിയോണ്ട് കാലറീസ്” എന്ന ചിന്തയിൽ നിന്നാണ് “ബിയോണ്ട് കാലറീസ്” എന്ന ബ്രാൻഡ് നെയിം ജനിച്ചത്. പിന്നാലെ റാസൽഖൈമയിൽ നിന്ന് ഒരു പരിചയസമ്പന്നനായ ഷെഫിനെ കൺസൾട്ടന്റായി നിയമിച്ച് താമസവും യാത്രാചെലവും ഉൾപ്പെടെ മുഴുവൻ സൗകര്യങ്ങളും ഒരുക്കി കൊച്ചിയിലേക്കെത്തിച്ചു. അദ്ദേഹമാണ് മെനു തയ്യാറാക്കിയതും കിച്ചണിനുളള സ്ഥലവും മറ്റ് സൗകര്യങ്ങളും കണ്ടെത്തിയത്. കൊച്ചിയിലെ 2,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലത്തെ പ്രവർത്തനക്ഷമമായ കിച്ചണായും ഓഫീസായും രൂപാന്തരപ്പെടുത്തിയതും അദ്ദേഹം തന്നെ.

ഈ സമയമെല്ലാം അമൃതയും കുടുംബവും യുഎഇയിൽ സ്ഥിരതാമസമായിരുന്നു. കൊച്ചി-യുഎഇ എന്നിങ്ങനെ മാറി മാറി നില്ക്കാനായിരുന്നു തീരുമാനവും. 2025ൽ മകളുടെ സ്കൂൾ വെക്കേഷൻ സമയത്താണ് കൊച്ചിയിൽ വന്ന് കാര്യങ്ങൾ വിലയിരുത്തിയപ്പോൾ ഇതുവരെ വലിയൊരു തുക ചെലവഴിച്ചുവെങ്കിലും കാര്യമായ മുന്നേറ്റങ്ങളൊന്നും തന്നെയുണ്ടായിട്ടില്ലെന്ന് മനസ്സിലാക്കിയത്. 2025 അവസാനത്തോടെ ഒരു കോടി രൂപയോളം അമൃത ചെലവഴിച്ചിരുന്നു.
ഇനിയൊരിക്കലും പിന്നോട്ടില്ലെന്ന് ഉറപ്പിച്ചിരുന്നതിനാൽ യുഎഇയിലെ സ്ഥിര താമസം അവസാനിപ്പിച്ച് കൊച്ചിയിലേക്കെത്തി. ഭക്ഷ്യവ്യവസായ പശ്ചാത്തലമില്ലാത്ത കുടുംബത്തിൽ നിന്നാണ് അമൃത വരുന്നത്. ഫാർമസ്യൂട്ടിക്കൽ മേഖലയുമായി ബന്ധപ്പെട്ട കുടുംബമായിരുന്നെങ്കിലും ഹോട്ടൽ ബിസിനസുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നിട്ടും പുതിയ മേഖലയെക്കുറിച്ച് പഠിക്കാനും ശരിയായ ആളുകളെ കണ്ടെത്താനും കൂടുതൽ സമയം ചെലവഴിച്ചു.
ഒരു ദിവസത്തെ മെനു ആവർത്തിക്കാതെ 30 മുതൽ 60 ദിവസം വരെ മുന്നോട്ടുപോകാനാകുന്ന ഭക്ഷണക്രമം രൂപപ്പെടുത്തി. അതിന്റെ ഫലമായാണ് 650-ൽ അധികം റെസിപ്പികൾ തയ്യാറായത്. ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, ഏഷ്യൻ, മിഡിൽ ഈസ്റ്റേൺ, ഇംഗ്ലീഷ് വിഭവങ്ങളുടെ ഫ്യൂഷൻ മെനുവാണ് ഇന്ന് ബിയോണ്ട് കാലറീസിന്റെ പ്രത്യേകത. ഒരു ഉപഭോക്താവ് ഇന്ന് കഴിച്ച ഭക്ഷണം വീണ്ടും അതേ രൂപത്തിൽ ലഭിക്കണമെങ്കിൽ ഏകദേശം ഒരു മാസം കാത്തിരിക്കേണ്ടി വരും.
ഇതിനിടെയുണ്ടായ ഒരു ജിം പരിക്ക് പോലും പിന്നീട് ബിസിനസ് വളർച്ചയുടെ ഭാഗമായിത്തീർന്നു. ചികിത്സയ്ക്കായി ഡോക്ടറുടെ നിർദേശമനുസരിച്ച് ഹൈബ്രിഡ് പെർഫോമൻസ് സെന്ററിൽ ജോയ്ൻ ചെയ്തു. അവിടുത്തെ പരിശീലകർക്ക് ബിയോണ്ട് കാലറീസിന്റെ ഭക്ഷണ രീതി ഇഷ്ടപ്പെട്ടു. പിന്നീട് അവർ തന്നെ അവരുടെ ക്ലയന്റ്സിന് ബിയോണ്ട് കാലറീസ് ശുപാർശ ചെയ്തു. അങ്ങനെ അവിടെ നിന്നുമാണ് ആദ്യ ഉപഭോക്താക്കളെത്തുന്നത്.
“കൊച്ചിയിൽ ഇത് വിജയിക്കില്ല. മലയാളികൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം വീട്ടിൽ ഉണ്ടാക്കാൻ പഠിച്ചാൽ പിന്നെ വാങ്ങില്ല,” എന്നായിരുന്നു ചില വിദഗ്ധരുടെ വിലയിരുത്തൽ. ബംഗളൂരു, മുംബൈ, യുഎഇ പോലുള്ള നഗരങ്ങളാണ് അനുയോജ്യമെന്ന് അവർ അഭിപ്രായപ്പെട്ടു. പക്ഷേ അമൃതയ്ക്ക് തന്റെ ആശയത്തിൽ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം ഇന്ന് 150-ൽ അധികം സ്ഥിര ഉപഭോക്താക്കളായി മാറിയിരിക്കുന്നു. അതിൽ 60 ശതമാനത്തിലധികം പേരും ദീർഘകാല സബ്സ്ക്രൈബർമാരാണ്. ജനുവരിയിൽ തുടങ്ങിയ പലരും ഇന്നും സേവനം തുടരുന്നു.
25 മുതൽ 40 വയസ്സ് വരെയുള്ളവരാണ് പ്രധാന ഉപഭോക്താക്കൾ. പുരുഷന്മാരും സ്ത്രീകളും ഏകദേശം തുല്യവും. ഹൈക്കോടതി ജീവനക്കാർ, ഡോക്ടർമാർ, മുതിർന്ന പൗരന്മാർ, സെലിബ്രിറ്റികൾ, പ്രീമിയം ഉപഭോക്താക്കൾ തുടങ്ങി വൈവിധ്യമാർന്ന വിഭാഗങ്ങൾ ഇതിനകം ഉപഭോക്തൃവലയത്തിലുണ്ട്. പിസിഒഡി ഉള്ള സ്ത്രീകളാണ് പ്രധാന വിഭാഗങ്ങളിലൊന്ന്.
ബിയോണ്ട് കാലറീസിന്റെ പ്രത്യേകത വ്യക്തിഗതവൽക്കരണമാണ്. ഭക്ഷണ അലർജിയുണ്ടോ, ബ്രോക്കോളി ഇഷ്ടമല്ലേ, പ്രത്യേക ആരോഗ്യ പ്രശ്നങ്ങളുണ്ടോ, കുടുംബത്തിലെ ഓരോ അംഗത്തിനും വ്യത്യസ്ത ആവശ്യങ്ങളുണ്ടോ എന്നിവയെല്ലാം പരിഗണിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്.

‘ബ്ലാസ്റ്റ് ചില്ലർ’ സംവിധാനമാണ് അമൃതയുടെ കിച്ചണിൽ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഉപയോഗിക്കുന്നത്. പാകം ചെയ്ത ഡയറ്റ് ഭക്ഷണങ്ങളുടെ സ്വാദും ഫ്രഷ്നസ്സും ഒട്ടും നഷ്ടപ്പെടാതെ പെട്ടെന്ന് തണുപ്പിച്ചു സൂക്ഷിക്കാൻ ഈ അത്യാധുനിക സാങ്കേതികവിദ്യ സഹായിക്കുന്നു. ബാക്ടീരിയകളുടെ വളർച്ച പൂർണമായി തടയുന്നതിനൊപ്പം, കൃത്യമായ അളവിലുള്ള പോഷകഗുണങ്ങൾ അതേപടി നിലനിർത്താനും ഇത് അത്യാവശ്യമാണ്. ദിവസേന നൂറുകണക്കിന് ഉപഭോക്താക്കൾക്ക് യാതൊരു കേടുപാടുകളും കൂടാതെ കൃത്യമായി ഡയറ്റ് മീലുകൾ എത്തിക്കുന്നതിൽ ഈ സാങ്കേതികവിദ്യയുടെ പങ്ക് നിർണായകമാണ്.
മാസ പാക്കേജ് 10,000 മുതൽ 25,000 രൂപ മുതലാണ് തുടങ്ങുന്നത്. വ്യക്തിഗത ആവശ്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും അനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ടാകും. ഡെലിവറി ചാർജും അതിൽ ഉൾപ്പെടുന്നു. ഈയിടെ ഒരു ഉപഭോക്താവ് ഒരാഴ്ചത്തെ ട്രയലിന് ശേഷം ആറ് മാസത്തേക്കുള്ള സബ്സ്ക്രിപ്ഷൻ ഒരുമിച്ച് എടുത്ത് 2.5 ലക്ഷം രൂപ മുൻകൂർ നൽകിയ അനുഭവം ടീമിന് ഇന്നും പ്രചോദനമാണ്.
എല്ലാം ഫ്രഷായി തയ്യാറാക്കുന്നു. അതുകൊണ്ട് തന്നെ 24 മണിക്കൂർ മുൻപ് ഓർഡർ ചെയ്യണമെന്നും റദ്ദാക്കണമെങ്കിൽ അതേ സമയം മുൻകൂട്ടി അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. പ്രതിദിനം 80 മുതൽ 100 വരെ മുട്ടകളും 25 മുതൽ 30 കിലോ വരെ ചിക്കൻ ബ്രെസ്റ്റും ഉപയോഗിക്കുന്നു.
രണ്ട് ഡയറ്റീഷ്യൻമാരാണ് സംരംഭത്തിന്റെ ഭാഗമായുളളത്. ഒരാൾ ക്ലിനിക്കിലും മറ്റൊരാൾ കിച്ചണിലും. കൂടാതെ എട്ട് ഷെഫുകളും സ്ഥാപനത്തിന്റെ ഭാഗമാണ്. കൊച്ചിയിൽ ഞായറാഴ്ചയും പൂർണമായ സേവനം നൽകുന്ന ഡയറ്റ് ഫുഡ് നല്കുന്ന ഒരേയൊരു ബ്രാൻഡാണ് ബിയോണ്ട് കാലറീസ് എന്ന് അമൃത പറയുന്നു. 2026 ജൂലൈ 17ന് ഔദ്യോഗിക ലോഞ്ച് നടത്തിയ സ്ഥാപനം 2024-ലാണ് രജിസ്റ്റർ ചെയ്തത്. കൊച്ചിയിൽ ഹെഡ് ഓഫീസിനൊപ്പം റാഡിസൺ ബ്ലൂവിന് സമീപം ന്യൂട്രീഷൻ ക്ലിനിക്കും പ്രവർത്തിക്കുന്നു. 2030-ഓടെ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഇടത്തരം-പ്രീമിയം വിഭാഗക്കാരാണ് പ്രധാന ഉപഭോക്താക്കൾ. ഭാവിയിൽ ആരോഗ്യകരമായ ഭക്ഷണം എല്ലാവർക്കും പ്രാപ്യമാകുന്ന തരത്തിൽ വില കുറഞ്ഞതും കൂടുതൽ ലഭ്യമാകുന്നതുമായ മോഡലുകൾ വികസിപ്പിക്കാനാണ് പദ്ധതി. “ഹെൽത്തി ഈറ്റിങ് എല്ലാവർക്കും സാധ്യമാകണം” എന്നതാണ് പ്രധാന വിഷൻ.





