പ്രൊഫഷണല്‍ ഡ്രൈവിങ് മേഖലയിൽ സ്ത്രീകൾക്ക് അവസരം നൽകുന്നതിനായി ‘ഫ്യൂച്ചര്‍ പോയിന്റ് കാബ്സ്’ എന്ന സിഎസ്ആര്‍ പദ്ധതിയുമായി നടപ്പിലാക്കുകയാണ് ഐബിഎസ് സോഫ്റ്റ് വെയര്‍. പൂര്‍ണമായും സൗജന്യമായ ഈ പരിശീലന പരിപാടിയില്‍ ഇതിനകം തന്നെ 34 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് നേടിക്കഴിഞ്ഞു.ഒരു പ്രൊഫഷണൽ ഡ്രൈവറുടെ തലത്തിലേക്ക് വനിതകളെ പരിശീലിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഡ്രൈവിങ് പരിശീലനത്തിനൊപ്പം പെരുമാറ്റരീതികള്‍, വാഹനപരിപാലനം, നാവിഗേഷന്‍ സാങ്കേതികവിദ്യകള്‍, സ്വയരക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലും സമഗ്രമായ പരിശീലനം നല്‍കുന്നുണ്ട്. ആദ്യ രണ്ട് ബാച്ചുകളിലായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ‘ഫ്യൂച്ചര്‍ പോയിന്റ് കാബ്സ്’ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. തുടക്കം എന്ന നിലയിൽ കൊച്ചി നഗരത്തില്‍ ഫ്യൂച്ചര്‍ പോയിന്റ് കാബ്സ് സേവനം ആരംഭിച്ചു കഴിഞ്ഞു.
‘ഫ്യൂച്ചര്‍ പോയിന്റ് കാബ്സ്’ എന്ന പേരില്‍ ഐബിഎസിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് ഇത്തരത്തിൽ പരിശീലനം നേടിയ ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നത്. സ്ഥിര വരുമാനത്തിന് പുറമെ, മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് ബോണസും ലഭിക്കും.
ഈ വര്‍ഷം അവസാനത്തോടെ കൊച്ചിയിലെ കൂടുതല്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാനായി 100 വനിതകള്‍ക്ക് കൂടി പരിശീലനം നല്കാന് ഐബിഎസ് പദ്ധതിയിടുന്നുണ്ട്. ഈ സംരംഭം സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക മാത്രമല്ല, സാമൂഹിക പുരോഗതിക്കും സ്ത്രീ ശാക്തീകരണത്തിനും ഉതകുന്ന ഒന്നായി മാറുമെന്ന് നല്‍കുമെന്ന് ഐബിഎസ് എക്സിക്യൂട്ടീവ് ചെയര്മാന് വി.കെ. മാത്യൂസ് പറഞ്ഞു.
ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഈ പദ്ധതിയില്‍ ചേരാന്‍ അവസരമുണ്ട്. പാര്‍ട്ട് ടൈം ജോലി ചെയ്യാനും സൗകര്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി 8129902043 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



