ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന കൊച്ചി ഡയലോഗിന്റെ രണ്ടാം പതിപ്പ് നവംബർ 18 മുതൽ 20 വരെ കൊച്ചിയിൽ നടക്കും. താജ് വിവാന്തയിൽ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയിൽ ഇന്ത്യയിലെയും ജിസിസി രാജ്യങ്ങളിലെയും നയരൂപകർത്താക്കൾ, നയതന്ത്ര പ്രതിനിധികൾ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ എന്നിവർ പങ്കെടുക്കും.
വ്യാപാരം, നിക്ഷേപം, ഊർജസുരക്ഷ, സാങ്കേതികവിദ്യ, പ്രാദേശിക കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകളാണ് പ്രധാനമായും ചർച്ച ചെയ്യുക. തന്ത്രപ്രധാന സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിദ്യാഭ്യാസം, നൂതനാശയങ്ങൾ, തുറമുഖ വികസനം, ലോജിസ്റ്റിക്സ്, വിതരണശൃംഖലാ കണക്റ്റിവിറ്റി, മൂലധന നിക്ഷേപം, പുനരുപയോഗ ഊർജം തുടങ്ങിയ വിഷയങ്ങളും പരിപാടിയുടെ ഭാഗമാകും.
ഇന്ത്യാ ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പോളിസി പ്ലാനിങ് ആൻഡ് റിസർച്ച് വിഭാഗവും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും (സിപിപിആർ) സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് ജിസിസി അംഗരാജ്യങ്ങളുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
നിക്ഷേപം, സംരംഭക പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനം, സാമ്പത്തിക ബന്ധങ്ങൾ എന്നിവയിൽ ഇന്ത്യയ്ക്കും ജിസിസി രാജ്യങ്ങൾക്കും മുന്നിലുള്ള അവസരങ്ങൾ സംവാദത്തിൽ പരിശോധിക്കും. പ്രാദേശികവും ആഗോളവുമായ വെല്ലുവിളികളെ നേരിടുന്നതിൽ പരസ്പര സഹകരണത്തിനുള്ള പ്രായോഗിക മാർഗങ്ങളും ചർച്ചയാകും.
2025 ജനുവരിയിലാണ് കൊച്ചി ഡയലോഗിന്റെ ആദ്യ പതിപ്പ് നടന്നത്. ഇന്ത്യയുടെ വിദേശകാര്യ, പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിങ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അന്നത്തെ ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പ്രത്യേക പ്രഭാഷണം നടത്തിയിരുന്നു.
വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിപുലീകരിക്കുന്നതിനും ഭാവിയിലെ സഹകരണത്തിനുള്ള പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനും കൊച്ചി ഡയലോഗ് വേദിയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



