നോയല്‍ ഒഴിയുന്നു
ടാറ്റ ട്രസ്റ്റ്സ് ചെയര്മാന് നോയല്‍ ടാറ്റ നവംബര്‍ 12ന് ടാറ്റ ഗ്രൂപ്പിലെ ആറ് പ്രധാന കമ്പനികളുടെ ബോര്‍ഡുകളില്‍നിന്ന് പടിയിറങ്ങും. 70 വയസ്സ് തികയുന്ന ദിവസമാണ് ഈ മാറ്റം. ഗ്രൂപ്പിന്റെ വിരമിക്കല്‍ നയപ്രകാരം നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് 70 വയസ്സാണ് വിരമിക്കല്‍ പ്രായം. എന്നാല്‍ ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ ടാറ്റ ട്രസ്റ്റ്സിന്റെ നോമിനി ഡയറക്ടറായി അദ്ദേഹം തുടരും.
ട്രെന്റ്, വോള്‍ട്ടാസ്, ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന്, ടാറ്റ ഇന്റര്‍നാഷണല്‍, ട്രെന്റ് ഹൈപ്പര്‍മാര്‍ക്കറ്റ്, ദുബായിലെ ടാറ്റ ഇന്റര്‍നാഷണല്‍ വെസ്റ്റ് ഏഷ്യ ഡിഎംസിസി എന്നിവയുടെ ബോര്‍ഡുകളില്‍ നിന്നാണ് നോയല്‍ ഒഴിയുന്നത്. ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ടാറ്റ ട്രസ്റ്റ്സും ടാറ്റ സണ്‍സും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റമെന്നത് പ്രധാനമാണ്.
ഫാസ്ടാഗ് ലോക്കല്‍ പാസ് വരുന്നു
ദേശീയപാതയിലെ ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന അര്‍ഹരായ സ്വകാര്യ വാഹന ഉടമകള്‍ക്ക് നവംബര്‍ 1 മുതല്‍ വാര്‍ഷിക ഇളവുള്ള ഫാസ്ടാഗ് (FASTag) ലോക്കല്‍ പാസ് ലഭിക്കും. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ പുതിയ വ്യവസ്ഥപ്രകാരം, ടോള്‍ പ്ലാസ മുനിസിപ്പല്‍ അല്ലെങ്കില്‍ പ്രാദേശിക പട്ടണ പരിധിക്ക് പുറത്താണെങ്കില്‍ വാര്‍ഷിക നിരക്ക് 1,500 രൂപ ആയിരിക്കും. മുനിസിപ്പല്‍ പരിധിക്കുള്ളിലെ പ്ലാസകള്‍ക്ക് 3,000 രൂപ നല്‍കണം. ക്ലോസ്ഡ് യൂസര്‍ ഫീ ശേഖരണ സംവിധാനമുള്ള ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും ഈ ഇളവ് ലഭിക്കില്ല. യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സര്‍വീസ് റോഡോ ബദല്‍ റോഡോ ലഭ്യമായിടത്തും ഇളവുള്ള പാസ് അനുവദിക്കില്ല.
കണ്ടെയ്നര്‍ നിര്‍മാണം പ്രോല്‍സാഹിപ്പിക്കാന്‍ പദ്ധതി
ഇന്ത്യയില്‍ കണ്ടെയ്നര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ 10,000 കോടി രൂപ ചെലവില്‍ പുതിയ പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 13 വര്‍ഷം നീളുന്ന പദ്ധതി 2040 സാമ്പത്തിക വര്‍ഷം വരെയാണ് നടപ്പാക്കുക. രാജ്യത്ത് ആഭ്യന്തര കണ്ടെയ്നര്‍ നിര്‍മാണ ശേഷി വര്‍ധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യം. കണ്ടെയ്നര്‍ നിര്‍മാണ പദ്ധതിയില്‍ വായ്പാ പലിശ ഇളവ്, പരിശോധന-സര്ട്ടിഫിക്കേഷന് സൗകര്യങ്ങള്‍, ഭൂമി പാട്ടത്തിനെടുക്കുന്നതിനുള്ള സഹായം, പ്രവര്‍ത്തനച്ചെലവിനുള്ള പിന്തുണ എന്നിവ ഉള്‍പ്പെടുന്നു. പുതിയ നിര്‍മാണ യൂണിറ്റുകള്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞത് ഒരു ലക്ഷം TEU (20 അടി കണ്ടെയ്നറിന് തുല്യമായ അളവുകോല്‍) ശേഷി വേണം. നിലവിലുള്ള യൂണിറ്റുകളുടെ വികസന പദ്ധതികള്‍ക്ക് കുറഞ്ഞത് 25,000 ഠഋഡ ശേഷിയാണ് നിശ്ചയിച്ചിരിക്കുന്നത്.
വിപണി സമ്മര്‍ദ്ദത്തില്‍
ആഗോള അനിശ്ചിതത്വവും ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പും ഐടി ഓഹരികളിലെ വില്‍പ്പനയും ഇന്ത്യന്‍ ഓഹരി വിപണിയെ സമ്മര്‍ദത്തിലാക്കി. ഒക്ടോബര്‍ 28ന് വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്സ് 352.64 പോയിന്റ് ഇടിഞ്ഞ് 73,246.03ലെത്തി. നിഫ്റ്റി50.90 പോയിന്റ് നഷ്ടത്തോടെ 22,698.85ലാണ് ക്ലോസ് ചെയ്തത്. ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലാ സൂചികകള്‍ രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. റിയല്‍റ്റി, എനര്‍ജി, എഫ്എംസിജി മേഖലകളിലും നഷ്ടമുണ്ടായി. അതേസമയം ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മീഡിയ, ഫാര്‍മ ഓഹരികള്‍ ഏകദേശം ഒരു ശതമാനം വീതം നേട്ടമുണ്ടാക്കി. മിഡ്ക്യാപ് സൂചിക 0.4 ശതമാനവും സ്മോള്‍ക്യാപ് സൂചിക 0.9 ശതമാനവും ഉയര്‍ന്നു. ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്നോളജീസ്, ഭാരതി എയര്‍ടെല്‍ എന്നിവ നിഫ്റ്റിയിലെ പ്രധാന നഷ്ടക്കാരായി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് ബാരലിന് 115 ഡോളറിനു മുകളിലേക്ക് ഉയര്‍ന്നത് വിപണിയുടെ ആശങ്ക വര്‍ധിപ്പിച്ചു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



