സാധനങ്ങൾ കയറ്റി അയക്കാനും ഇറക്കുമതി ചെയ്യാനും ഉപയോഗിക്കുന്ന ഷിപ്പിംഗ് കണ്ടെയ്നറുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനായി കേന്ദ്ര മന്ത്രിസഭ 10,000 കോടി രൂപയുടെ പുതിയ പദ്ധതിക്ക് അംഗീകാരം നൽകി. ചരക്കുനീക്കത്തിനും കപ്പൽ ഗതാഗതത്തിനും ആവശ്യമായ ഇത്തരം വലിയ കണ്ടെയ്നറുകൾക്കായി ഇന്ത്യ ഇതുവരെ മറ്റ് രാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഈ പുതിയ പദ്ധതിയിലൂടെ ഇന്ത്യയെ കണ്ടെയ്നർ നിർമ്മാണത്തിന്റെയും കയറ്റുമതിയുടെയും ഒരു ആഗോള കേന്ദ്രമാക്കി മാറ്റാൻ ഗവൺമെന്റ് ലക്ഷ്യമിടുന്നു.
സ്വയം പര്യാപ്തത
ഈ പദ്ധതി നടപ്പിലാകുന്നതിലൂടെ രാജ്യത്തിന്റെ സമുദ്ര-ലോജിസ്റ്റിക് ശൃംഖലകൾ കൂടുതൽ ശക്തമാവുകയും, വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കും. കണ്ടെയ്നർ നിർമ്മാണത്തിന് ആവശ്യമായ സ്റ്റീൽ,മരം, പെയിന്റുകൾ തുടങ്ങിയ അനുബന്ധ വ്യവസായങ്ങൾക്കും ഇത് വലിയൊരു ഉണർവാകും. കൂടാതെ, രാജ്യത്ത് ഉൽപ്പാദന മേഖല വളരുന്നതിലൂടെ കപ്പൽ ഗതാഗത രംഗത്ത് സ്വാശ്രയത്വം കൈവരിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾ വൻതോതിൽ സൃഷ്ടിക്കപ്പെടും. ഏകദേശം 3,000 നേരിട്ടുള്ള തൊഴിലുകളും, അനുബന്ധ മേഖലകളിലൂടെ 50,000-ത്തിലധികം പരോക്ഷ തൊഴിലവസരങ്ങളും ഇതുവഴി ലഭ്യമാകും. ചുരുക്കത്തിൽ, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വ്യാവസായിക പുരോഗതിക്കും ഒപ്പം നിരവധി ഉദ്യോഗാർത്ഥികൾക്ക് പുതിയ തൊഴിൽ സാധ്യതകൾ തുറന്നുനൽകുന്ന ഒന്നുകൂടിയാണ് ഈ ചരിത്രപരമായ തീരുമാനം.
ചൈനയെ ആശ്രയിക്കില്ല
ഇതുവരെ ചരക്കുനീക്കത്തിന് ആവശ്യമായ ഭൂരിഭാഗം ഷിപ്പിംഗ് കണ്ടെയ്നറുകൾക്കും ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത് ചൈനയെ ആയിരുന്നു. ലോകത്തെ മൊത്തത്തിലുള്ള കണ്ടെയ്നർ നിർമ്മാണത്തിന്റെ 80 ശതമാനത്തിലധികവും ചൈനയിലാണ് നടക്കുന്നത്. അതിനാൽ ഇന്ത്യയുടെ കയറ്റുമതി ആവശ്യങ്ങൾക്കും ചരക്കുനീക്കത്തിനും വേണ്ട കണ്ടെയ്നറുകൾക്കായി അയൽരാജ്യമായ ചൈനയെ വലിയ തോതിൽ ആശ്രയിക്കേണ്ടി വരികയും, ഇത് പലപ്പോഴും ഉയർന്ന ചരക്കുകൂലിയിലേക്കും വിതരണ ശൃംഖലയിലെ പ്രതിസന്ധികൾക്കും കാരണമാകുകയും ചെയ്തിരുന്നു.
സർക്കാർ സഹായത്തിന് കാരണം
കോവിഡ് മഹാമാരിക്ക് ശേഷമുണ്ടായ ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും, കപ്പൽ ചരക്കുകൂലിയിലുണ്ടായ കനത്ത വർദ്ധനവുമാണ് കേന്ദ്ര ഗവൺമെന്റിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് പെട്ടെന്ന് നയിച്ചത്. വർഷത്തിൽ ഏകദേശം 20 ലക്ഷത്തോളം കണ്ടെയ്നറുകളാണ് ഇന്ത്യ വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. ആഗോളതലത്തിൽ രാഷ്ട്രീയ പിരിമുറുക്കങ്ങളോ യുദ്ധങ്ങളോ ഉണ്ടാകുമ്പോൾ കണ്ടെയ്നറുകളുടെ ലഭ്യത കുറയുകയും കയറ്റുമതി തടസ്സപ്പെടുകയും ചെയ്യുന്നത് ഇന്ത്യൻ വ്യാപാരികളെയും സാമ്പത്തിക രംഗത്തെയും രൂക്ഷമായി ബാധിച്ചിരുന്നു.
കൂടാതെ, ചൈനയുമായുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും സ്വന്തമായി കണ്ടെയ്നറുകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിപ്പിച്ചു. ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും വ്യാപാര മേഖലയ്ക്കും വലിയ ഭീഷണിയാണ്. ആഗോള വിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് ഇന്ത്യൻ കയറ്റുമതിക്കാരെ സംരക്ഷിക്കാനും, ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയെ സ്വന്തം കാലിൽ നിർത്താനുമാണ് ഗവൺമെന്റ് 10,000 കോടി രൂപയുടെ ഈ പദ്ധതി പെട്ടെന്ന് നടപ്പിലാക്കിയത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



