ഇന്ത്യയിൽ ഓൺലൈൻ ഷോപ്പിംഗും ക്വിക്ക്-കോമേഴ്സ് ആപ്പുകളും വളരെ വേഗത്തിൽ വളരുന്നുണ്ടെങ്കിലും, പച്ചക്കറികളും മറ്റ് പഴവർഗ്ഗങ്ങളും വാങ്ങാൻ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും തൊട്ടടുത്തുള്ള പരമ്പരാഗത ചന്തകളെയും വഴിയോരക്കടകളെയുമാണ് ആശ്രയിക്കുന്നത് എന്ന് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വിവരങ്ങളെ ആസ്പദമാക്കി എസ്.ബി.ഐ റീസെർച്ച് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഇലക്ട്രോണിക്സ് സാധനങ്ങളും വസ്ത്രങ്ങളും സേവനങ്ങളും വാങ്ങാൻ ആളുകൾ ഡിജിറ്റൽ മാർഗ്ഗങ്ങൾ ധാരാളമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, ഭക്ഷണ സാധനങ്ങളുടെ ഓൺലൈൻ പർച്ചേസ് ആകെ ഡിജിറ്റൽ ഇടപാടുകളുടെ വളരെ ചെറിയ ശതമാനം, ഏകദേശം 7.1% മാത്രമാണ്. പ്രത്യേകിച്ച് പച്ചക്കറികൾ വാങ്ങുന്ന കാര്യത്തിൽ കേവലം 1.32% മാത്രമാണ് ഓൺലൈൻ ആപ്പുകളെ ആശ്രയിക്കുന്നത്.
ജീവിത ശൈലി
ഇന്ത്യൻ ഉപഭോക്താക്കൾ ഇപ്പോഴും പ്രാദേശിക ചന്തകൾക്ക് മുൻഗണന നൽകുന്നതിന് പ്രധാന കാരണം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം നേരിട്ട് കണ്ട് ബോധ്യപ്പെടാനുള്ള അവസരമാണ്. പച്ചക്കറികൾ സ്വന്തം കൈകൊണ്ട് തൊട്ടും നോക്കിയും പുതിയതാണെന്ന് ഉറപ്പുവരുത്തി വാങ്ങാൻ ആളുകൾ ആഗ്രഹിക്കുന്നു. ഓൺലൈൻ ആപ്പുകളിൽ ലഭിക്കുന്ന പച്ചക്കറികൾ പലപ്പോഴും എപ്പോഴും ഒരുപോലെ ഫ്രഷ് ആകണമെന്നില്ല എന്ന സംശയവും, ആവശ്യമുള്ളത്ര മാത്രം അളവിൽ, ഉദാഹരണത്തിന് 100 ഗ്രാം അല്ലെങ്കിൽ രണ്ട് തക്കാളി മാത്രം വാങ്ങാനുള്ള സൗകര്യവും പരമ്പരാഗത കടകളിൽ കിട്ടുന്നു. കൂടാതെ, ദിവസവും ചന്തയിൽ പോയി പച്ചക്കറി വാങ്ങുന്നത് പല കുടുംബങ്ങളിലും ഒരു ജീവിതശൈലിയുടെയും സാമൂഹിക ഇടപെടലിന്റെയും ഭാഗമാണ്.
മാനസിക അവസ്ഥ
അതുപോലെതന്നെ, പ്രാദേശിക വ്യാപാരികളുമായുള്ള വ്യക്തിപരമായ ബന്ധവും വിലപേശാനുള്ള സൗകര്യവും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭിക്കില്ല. സമീപത്തുള്ള കടകളിൽ നിന്ന് സാധനങ്ങൾ കേടായാൽ ഉടനടി മാറ്റിവാങ്ങാൻ എളുപ്പമാണ്. വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, റസ്റ്റോറന്റ് ഭക്ഷണം തുടങ്ങിയവയ്ക്ക് ഓൺലൈൻ ആപ്പുകൾ വലിയ പ്രചാരം നേടിയെങ്കിലും, ദിവസേനയുള്ള പാചകത്തിന് ഉപയോഗിക്കുന്ന പച്ചക്കറികൾ പോലെയുള്ള വേഗത്തിൽ കേടാകുന്ന ഉൽപ്പന്നങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടുതന്നെ വാങ്ങണം എന്ന ഇന്ത്യൻ ഉപഭോക്താക്കളുടെ മാനസികാവസ്ഥ തന്നെയാണ് പരമ്പരാഗത മാർക്കറ്റുകളെ ഇന്നും സജീവമായി നിലനിർത്തുന്നത്.
വസ്ത്രങ്ങളും ചെരുപ്പുകളും ഓൺലൈനിൽ
ഇന്ത്യക്കാർ വസ്ത്രങ്ങളും ചെരിപ്പുകളും വാങ്ങുന്നതിനായി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട് എന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആകെ ഓൺലൈൻ പർച്ചേസുകളിൽ 19.97 ശതമാനവും വസ്ത്രങ്ങൾ വാങ്ങാനാണ് ആളുകൾ വിനിയോഗിക്കുന്നത്. അതുപോലെതന്നെ 12.05 ശതമാനം ആളുകൾ ചെരിപ്പുകൾ പോലെയുള്ള ഉൽപ്പന്നങ്ങൾ വാങ്ങാനും ഇന്റർനെറ്റ് മാധ്യമങ്ങളെ ആശ്രയിക്കുന്നു. വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും, വേഗത്തിൽ കേടായിപ്പോകാത്തതുമായ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ ഡിജിറ്റൽ സംവിധാനങ്ങളെ കൂടുതൽ വിശ്വസിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഇത് തെളിയിക്കുന്നു.
മൊത്തത്തിൽ നോക്കുകയാണെങ്കിൽ, ഇന്ത്യയിലെ ആകെ കുടുംബങ്ങളിൽ 45.6 ശതമാനം ആളുകൾ കുറഞ്ഞത് ഒരു ഉൽപ്പന്നമെങ്കിലും വാങ്ങുന്നതിനോ അല്ലെങ്കിൽ പേയ്മെന്റുകൾ നടത്തുന്നതിനോ ഡിജിറ്റൽ, ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിക്കുന്നവരാണ്. എന്നാൽ മറുഭാഗത്ത്, ഭൂരിഭാഗം വരുന്ന 54.4 ശതമാനം കുടുംബങ്ങളും ഇന്നും ഇത്തരം യാതൊരുവിധ ഓൺലൈൻ പർച്ചേസ് അല്ലെങ്കിൽ ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങളും ഉപയോഗിക്കുന്നില്ല. രാജ്യത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ അതിവേഗം മുന്നേറുന്നുണ്ടെങ്കിലും, ഒരു വലിയ വിഭാഗം ജനങ്ങൾ ഇപ്പോഴും പരമ്പരാഗത രീതികളിലൂടെ തന്നെയാണ് തങ്ങളുടെ ദൈനംദിന വാങ്ങലുകൾ നടത്തുന്നത് എന്ന് ഈ വിവരങ്ങൾ വ്യക്തമാക്കുന്നു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



