സ്വർണ്ണവില കുറഞ്ഞത് ഈ വർഷത്തെ ദീപാവലി വിപണിക്ക് വലിയ പ്രതീക്ഷ നൽകുന്നുവെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ. വിലക്കയറ്റം മൂലം സ്വർണ്ണം വാങ്ങുന്നത് മാറ്റിവെച്ചിരുന്ന ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ആഭരണങ്ങൾ വാങ്ങാനുള്ള അവസരമായാണ് ഈ ദീപാവലി സീസൺ മാറുന്നതെന്നും അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
കേരളത്തിലെ സ്വർണ്ണവ്യാപാര മേഖലയിലും ദീപാവലി പർച്ചേസുകൾ സജീവമാകുകയാണ്. സംസ്ഥാനത്തെ ചെറുതും വലുതുമായ എല്ലാ സ്വർണ്ണവ്യാപാരശാലകളും തൻതേരസ്, ദീപാവലി വിപണിയെ വരവേൽക്കാൻ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ദീപാവലി സീസണിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരദിനമായ ശനിയാഴ്ച വലിയ തിരക്കും മികച്ച വിൽപ്പനയും ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
കഴിഞ്ഞ വർഷം ദീപാവലി ദിനമായ ഒക്ടോബർ 20-ന് ഒരു ഗ്രാം സ്വർണ്ണത്തിന് 11,980 രൂപയായിരുന്നു വില. ഒരു പവന് 95,840 രൂപ ആയിരുന്നു നിരക്ക്. അതേസമയം, കഴിഞ്ഞ വർഷം നവംബർ 3-ന് ഗ്രാമിന് 11,290 രൂപയും പവന് 90,320 രൂപയും ആയിരുന്നു സ്വർണ്ണവില. ഇന്ന്, 2026 നവംബർ 3-ന് ഗ്രാമിന് 12,800 രൂപയും പവന് 1,02,400 രൂപയുമാണ് വില.
കഴിഞ്ഞ വർഷത്തെ ദീപാവലി വിലയുമായി താരതമ്യം ചെയ്യുമ്പോൾ പവന് 6,560 രൂപയുടെ വർധന മാത്രമാണുള്ളത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ ദിവസമായ നവംബർ 3-ലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പവന് 12,080 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
സ്വർണ്ണവിലയിലെ ഈ വ്യത്യാസം കണക്കിലെടുക്കുമ്പോൾ, വിലയിൽ വർധനവുണ്ടായിട്ടും ദീപാവലി സീസണിൽ സ്വർണ്ണം വാങ്ങാനുള്ള ഉപഭോക്താക്കളുടെ താൽപര്യം ശക്തമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
വില കുറഞ്ഞുനിൽക്കുന്ന സാഹചര്യം കൂടുതൽ അളവിൽ സ്വർണ്ണം വാങ്ങാനും വിവാഹം, കുടുംബാഘോഷങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങിവെക്കാനും ഉപഭോക്താക്കളെ പ്രേരിപ്പിച്ചേക്കാം. അതുകൊണ്ടുതന്നെ ഈ ദീപാവലി സീസൺ കേരളത്തിലെ സ്വർണ്ണവ്യാപാര മേഖലയ്ക്ക് മികച്ച വ്യാപാരസാധ്യതകൾ തുറന്നിടുമെന്നാണ് വിലയിരുത്തൽ. ശനിയാഴ്ചത്തെ തൻതേരസ് വ്യാപാരം ഈ സീസണിലെ നിർണായക ദിനമായി മാറുമെന്നാണ് പ്രതീക്ഷയെന്നും അഡ്വ. എസ്. അബ്ദുൽ നാസർ വ്യക്തമാക്കി.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



