ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള പേരുകളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ ഭരണസംവിധാനത്തിനുള്ളിലെ ഭിന്നതകള്‍ വീണ്ടും പുറത്തേക്ക് വരുന്നു. ടാറ്റ ട്രസ്റ്റ്സിന്റെ പ്രധാന ട്രസ്റ്റിമാരില്‍ ഒരാളായ മുതിര്‍ന്ന അഭിഭാഷകന് ഡാരിയസ് ഖംബാട്ട വീണ്ടും ട്രസ്റ്റിയായി തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു. സര് ദൊറാബ്ജി ടാറ്റ ട്രസ്റ്റില്‍ നിന്നും സര് രത്തന്‍ ടാറ്റ ട്രസ്റ്റില്‍ നിന്നുമാണ് അദ്ദേഹം പിന്മാറുന്നത്. എന്നാല്‍ ഇത് സാധാരണ വിരമിക്കല്‍ മാത്രമല്ലെന്ന സൂചനയാണ് ഖംബാട്ടയുടെ പ്രതികരണം നല്‍കുന്നത്.
‘ചരിത്രത്തില്‍ നാണക്കേടിന്റെ ദിനമായി ഓര്‍മിക്കപ്പെടും’
2026 സെപ്റ്റംബര്‍ 17ന് ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ നടന്ന സംഭവങ്ങളെ ഖംബാട്ട അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ടാറ്റ ട്രസ്റ്റ്സ് ചെയര്മാന് നോയല്‍ ടാറ്റയ്ക്കെതിരായി ചില ഡയറക്ടര്‍മാര്‍ സ്വീകരിച്ച നിലപാടിനെ അദ്ദേഹം ചോദ്യം ചെയ്തു.
സെപ്റ്റംബര്‍ 17 ”നാണക്കേടിന്റെ ദിനമായി ചരിത്രത്തില്‍ ഓര്‍മിക്കപ്പെടും” എന്ന വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചത്. ഈ സംഭവങ്ങള്‍ ടാറ്റ സണ്‍സിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നും ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയ്ക്ക് തന്നെ തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജി ബാധിക്കുമോ?
ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണഘടന സാധാരണ കമ്പനികളില്‍ നിന്ന് വ്യത്യസ്തമാണ്. ടാറ്റ സണ്‍സിലെ വലിയ ഓഹരി വിഹിതം ടാറ്റ ട്രസ്റ്റ്സിന്റെ കൈവശമാണ്. അതിനാല്‍ ട്രസ്റ്റുകളും ടാറ്റ സണ്‍സും തമ്മിലുള്ള ബന്ധം ഗ്രൂപ്പിന്റെ ഭാവി തീരുമാനങ്ങളില്‍ നിര്‍ണായകമാണ്.
ഈ സാഹചര്യത്തില്‍ പ്രധാന ട്രസ്റ്റിമാരില്‍ ഒരാളുടെ പിന്മാറ്റവും ഭരണസംവിധാനത്തെക്കുറിച്ചുള്ള പരസ്യ വിമര്‍ശനവും വെറും വ്യക്തിപരമായ അഭിപ്രായവ്യത്യാസമായി കാണാന്‍ കഴിയില്ല.
നവംബര്‍ 26ന് നടക്കാനിരിക്കുന്ന ടാറ്റ സണ്‍സ് ബോര്‍ഡ് യോഗത്തിന് മുമ്പാണ് ഈ സംഭവവികാസം. സെപ്റ്റംബര്‍ 17ലെ തീരുമാനത്തിന്റെ സാധുതയെ നോയല്‍ ടാറ്റ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വലിയ ഏറ്റെടുക്കലുകളും പുതിയ നിക്ഷേപങ്ങളും രാജ്യാന്തര വികസന പദ്ധതികളും മുന്നിലുള്ള സമയത്ത്, ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ശക്തികളിലൊന്നായ ഭരണസ്ഥിരതയെക്കുറിച്ചാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ ഉയരുന്നത്.
ടാറ്റയുടെ ബിസിനസുകള്‍ ശക്തമായി മുന്നോട്ട് പോകുമ്പോഴും, ഗ്രൂപ്പിന്റെ ഭരണകേന്ദ്രത്തില്‍ ഉയരുന്ന ഈ അഭിപ്രായവ്യത്യാസം എങ്ങനെ പരിഹരിക്കപ്പെടും എന്നത് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകം ശ്രദ്ധയോടെ നോക്കുകയാണ്.
തര്‍ക്കം പരിഹരിക്കണം: ധനമന്ത്രി
ടാറ്റ ഗ്രൂപ്പിനുള്ളിലെ അധികാരത്തര്‍ക്കം ബന്ധപ്പെട്ട കക്ഷികള്‍ തന്നെ സൗഹാര്‍ദപരമായി പരിഹരിക്കണമെന്നും വിഷയം പൊതുവേദികളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില് നിര്‍ണായക പങ്കുള്ള ടാറ്റ ഗ്രൂപ്പിന്റെ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് സാധാരണ നിലയിലേക്ക് മടങ്ങേണ്ടത് പ്രധാനമാണെന്നും മുംബൈയില്‍ ധന മന്ത്രി പറഞ്ഞു. ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന്റെ പുനര്‍നിയമനം, ഹോള്‍ഡിങ് കമ്പനിയുടെ ഓഹരി വിപണി ലിസ്റ്റിങ് തുടങ്ങിയ വിഷയങ്ങളിലാണ് ടാറ്റ ട്രസ്റ്റ്സും ടാറ്റ സണ്‍സും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത്. ടാറ്റ സണ്‍സിന്റെ 65.9 ശതമാനം ഓഹരികള്‍ കൈവശമുള്ള ടാറ്റ ട്രസ്റ്റ്സ് ലിസ്റ്റിങ്ങിനെ എതിര്‍ക്കുമ്പോള്‍, കമ്പനി ബോര്‍ഡ് അതിനെ പിന്തുണയ്ക്കുന്നു. തര്‍ക്കത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉറപ്പ് നല്‍കാതെ, വിഷയം അതീവ സങ്കീര്‍ണമാണെന്നും ബിസിനസ് വിവേകത്തോടെയും പരസ്പര ധാരണയോടെയും പരിഹരിക്കണമെന്നും സീതാരാമന് വ്യക്തമാക്കി.
English Summary
Senior lawyer Darius Khambatta has resigned as a trustee from the Sir Dorabji Tata Trust and Sir Ratan Tata Trust, citing the September 17 Tata Sons board events as a dark day for corporate governance and criticizing moves against Chairman Noel Tata. This governance rift—involving issues like N. Chandrasekaran's reappointment and Tata Sons' IPO listing versus the Trusts' opposition—prompted Union Finance Minister Nirmala Sitharaman to urge a peaceful, amicable resolution among the parties.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



