ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്ന വിദേശ നിക്ഷേപകരെ വീണ്ടും ആകര്‍ഷിക്കാന്‍ പുതിയ നികുതി ഇളവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നു. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല മൂലധന നേട്ട നികുതി ഒഴിവാക്കുന്നതിനെ സെബി പിന്തുണച്ചു. നിലവില്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്നുള്ള ദീര്‍ഘകാല നേട്ടത്തിന് വിദേശ നിക്ഷേപകര്‍ നികുതി നല്‍കേണ്ട സാഹചര്യമുണ്ട്. ഈ ബാധ്യത കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്താല്‍ ഇന്ത്യന്‍ വിപണി കൂടുതല്‍ മത്സരക്ഷമമാകുമെന്നാണ് വിലയിരുത്തല്‍.
പരിഗണിക്കുമെന്ന് ധനമന്ത്രി
ഓഹരി വിപണിയിലെ നിക്ഷേപകരും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരും (എഫ്പിഐ) ഉന്നയിക്കുന്ന നികുതി ആശങ്കകള്‍ പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. നിലവിലെ സാഹചര്യത്തില്‍ ഓഹരി നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമായ നികുതി സംവിധാനം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിക്ഷേപകരുടെ ആശങ്കകള്‍ സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ടെന്നും അവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്നും മുംബൈയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു. ഓഹരി നിക്ഷേപങ്ങളിലെ ദീര്‍ഘകാല മൂലധന നേട്ട നികുതി (എല്‍ടിസിജി) കുറയ്ക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്. നിലവില്‍ ലിസ്റ്റഡ് ഓഹരികളില്‍ നിന്നും ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുമുള്ള ഒരു സാമ്പത്തിക വര്‍ഷത്തെ 1.25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് 12.5 ശതമാനമാണ് നികുതി. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും വിപണിയിലെ അനിശ്ചിതത്വവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നികുതി ഇളവുകള്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. എന്നാല്‍ നികുതി നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടില്ല; രാജ്യത്തിന്റെ ഏഴ് ശതമാനത്തിലധികമുള്ള സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ മൂലധനവും ഓഹരി നിക്ഷേപവും നിര്‍ണായകമാണെന്നും നിര്‍മല സീതാരാമന് ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് ഇപ്പോള്‍ ഈ നിര്‍ദേശം?
അമേരിക്കന്‍ പലിശനിരക്കുകള്‍, ഡോളറിന്റെ ശക്തി, ആഗോള അനിശ്ചിതത്വം തുടങ്ങിയ ഘടകങ്ങള്‍ കാരണം വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് സമീപകാലത്ത് സമ്മര്‍ദത്തിലായിരുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ വിപണിക്ക് വലിയ പിന്തുണ നല്‍കിയെങ്കിലും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് ഇന്ത്യന്‍ ഓഹരി വിപണിക്ക് കൂടുതല്‍ കരുത്താകുമെന്നാണ് പ്രതീക്ഷ. ദീര്‍ഘകാല നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന നികുതി ഘടന ഉണ്ടായാല്‍ സ്ഥിരതയുള്ള വിദേശ മൂലധനത്തെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന വാദവും ഉയരുന്നുണ്ട്.
നിക്ഷേപകര്‍ക്ക് എന്ത് ഗുണം?
വിദേശ നിക്ഷേപകര്‍ വീണ്ടും ശക്തമായി ഇന്ത്യന്‍ ഓഹരികളിലേക്ക് എത്തിയാല്‍ ബാങ്കിങ്, ധനകാര്യം, ഐടി, ലാര്‍ജ് കാപ് കമ്പനികള്‍ തുടങ്ങിയ മേഖലകളില്‍ വാങ്ങല്‍ താല്പര്യം വര്‍ധിക്കാം. എന്നാല്‍ ഇത് ഓഹരി വിലകള്‍ ഉറപ്പായും ഉയരുമെന്നര്ഥമല്ല.
നികുതിയിളവ് നല്‍കുന്നതിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിലും സ്വാധീനമുണ്ടാകും. അതിനാല്‍ വിപണിയിലേക്ക് കൂടുതല്‍ വിദേശ മൂലധനം എത്തിക്കുന്നതും നികുതി വരുമാനം സംരക്ഷിക്കുന്നതും തമ്മിലുള്ള സന്തുലനം കണ്ടെത്തുകയാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി.
അവസാന തീരുമാനം കേന്ദ്രസര്‍ക്കാരിന്റേതാണ്. അടുത്ത ബജറ്റിന് മുന്നോടിയായി ഈ ശുപാര്‍ശയ്ക്ക് എത്രത്തോളം പ്രാധാന്യം ലഭിക്കും എന്നതാണ് വിപണി ഉറ്റുനോക്കുന്നത്. വിദേശ നിക്ഷേപകരെ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കാവുന്ന ഏറ്റവും നിര്‍ണായക നയനടപടികളിലൊന്നായി ഈ നിര്‍ദേശം മാറാന്‍ സാധ്യതയുണ്ട്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



