സ്വതന്ത്ര ടോള്‍ സംവിധാനത്തില്‍ (എംഎല്‍എഫ്എഫ്) ടോള്‍ ഒഴിവാക്കാന്‍ വാഹന നമ്പര്‍ പ്ലേറ്റ് മറയ്ക്കുകയോ തിരുത്തുകയോ ഫാസ്ടാഗ് ഘടിപ്പിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത സാമ്പത്തിക നടപടി സ്വീകരിക്കാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ സാധാരണ ടോള്‍ തുകയ്ക്ക് പുറമെ അഞ്ച് മടങ്ങ് തുക പിഴയായി ഈടാക്കും. അതായത്, സാധാരണ ടോള്‍ ഉള്‍പ്പെടെ ആകെ ആറിരട്ടി തുക വാഹന ഉടമ നല്‍കേണ്ടിവരും.
ടോള്‍ പണം നല്‍കുന്നത് ഒഴിവാക്കാനുള്ള ഉദ്ദേശ്യത്തോടെ വാഹനത്തിന്റെ മുന്‍വശത്തെയോ പിന്‍വശത്തെയോ നമ്പര്‍ പ്ലേറ്റ് മറയ്ക്കുക, നമ്പറുകളില്‍ മാറ്റം വരുത്തുക, നമ്പര്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇടപെടുക തുടങ്ങിയ പ്രവൃത്തികള്‍ ഇതിന്റെ പരിധിയില്‍ വരും. ഫാസ്ടാഗ് ഘടിപ്പിക്കാതിരിക്കുന്നത് ടോള്‍ വെട്ടിപ്പിനുള്ള ശ്രമമാണെന്ന് തെളിയിക്കപ്പെടുന്ന സാഹചര്യങ്ങളിലും പിഴ ബാധകമാകും. എന്നാല്‍ മനഃപൂര്‍വം ടോള്‍ വെട്ടിപ്പ് നടത്തിയെന്ന് സ്ഥാപിക്കപ്പെടുന്ന കേസുകളില്‍ മാത്രമായിരിക്കും നടപടി.
എത്ര രൂപ നല്‍കേണ്ടിവരും?
സാധാരണ ടോള്‍ നിരക്കിന്റെ അഞ്ച് മടങ്ങാണ് അധിക പിഴയായി ഈടാക്കുന്നത്. ഇതിന് പുറമെ യഥാര്‍ഥ ടോള്‍ തുകയും നല്‍കണം. ഉദാഹരണത്തിന്, 100 രൂപ ടോള്‍ നിരക്കുള്ള റോഡില്‍ ടോള്‍ വെട്ടിപ്പ് നടത്തിയാല്‍ 500 രൂപ അധിക പിഴയും 100 രൂപ യഥാര്‍ഥ ടോള്‍ തുകയും ഉള്‍പ്പെടെ 600 രൂപ നല്‍കേണ്ടിവരും. 150 രൂപ ടോള്‍ നിരക്കുള്ളിടത്ത് ആകെ 900 രൂപയും 200 രൂപയും ടോള്‍ നിരക്കുള്ളിടത്ത് 1,200 രൂപയും, 250 രൂപയും ടോള്‍ നിരക്കുള്ളിടത്ത് 1,500 രൂപയും നല്‍കേണ്ടിവരും.
എങ്ങനെയാണ് വാഹനങ്ങള്‍ കണ്ടെത്തുക?
എംഎല്‍എഫ്എഫ് ടോള്‍ സംവിധാനത്തില്‍ വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ നിര്‍ത്താതെ കടന്നുപോകാനാകും. ടോള്‍ പ്ലാസകളിലെ മേല്‍ക്കൂരയ്ക്ക് മുകളിലുള്ള ഗാന്‍ട്രികളില്‍ സ്ഥാപിച്ച ഫാസ്ടാഗ് റീഡറുകളും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍ ക്യാമറകളും (എഎന്‍പിആര്‍) വാഹനങ്ങളെ തിരിച്ചറിയുകയും ടോള്‍ തുക സ്വയമേവ ഈടാക്കുകയും ചെയ്യും.
നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുകയോ ഫാസ്ടാഗ് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ വെക്കുകയോ ചെയ്ത വാഹനങ്ങളെ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് ഉപയോഗിക്കുക. നിലവില്‍ എംഎല്‍എഫ്എഫ് സംവിധാനമുള്ള ടോള്‍ കേന്ദ്രങ്ങളിലും ഭാവിയില്‍ ഈ സംവിധാനം നടപ്പാക്കുന്ന പുതിയ കേന്ദ്രങ്ങളിലും പിഴ വ്യവസ്ഥ ബാധകമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
ടോള്‍ വെട്ടിപ്പ് തടയാന്‍ എഐ സംവിധാനങ്ങളും
ബാരിയറുകളില്ലാത്ത ടോള്‍ സംവിധാനം വ്യാപിപ്പിക്കുന്നതിനൊപ്പം ടോള്‍ വെട്ടിപ്പ് തടയാനുള്ള നടപടികളും എന്‍എച്ച്എഐ ശക്തമാക്കുകയാണ്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുന്നതും തിരിച്ചറിയാന്‍ കഴിയാത്ത വാഹനങ്ങള്‍ ടോള്‍ കടന്നുപോകുന്നതും തടയാന്‍ എഐ അധിഷ്ഠിത സംവിധാനങ്ങള്‍, വെഹിക്കിള്‍ ഫിംഗര്‍പ്രിന്റിംഗ്, വാഹന്‍ ഡാറ്റാബേസുമായുള്ള ഏകീകരണം തുടങ്ങിയ സംവിധാനങ്ങള്‍ വിന്യസിക്കുന്നുണ്ട്.
ടോള്‍ പണം അടയ്ക്കാത്ത വാഹന ഉടമകള്‍ക്ക് ഇ-നോട്ടീസുകള്‍ അയയ്ക്കുകയും കുടിശ്ശിക വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. കുടിശ്ശിക നോട്ടീസുകള്‍ തീര്‍പ്പാക്കാത്ത സാഹചര്യങ്ങളില്‍ നിയമപരമായ വ്യവസ്ഥകള്‍ക്ക് വിധേയമായി വാഹന്‍ സേവനങ്ങള്‍ നിയന്ത്രിക്കുന്ന നടപടികളും സ്വീകരിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ടോള്‍ വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ സംവിധാനം
ബാരിയറുകളില്ലാത്ത ടോള്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം ടോള്‍ വരുമാനത്തിലും നേട്ടമുണ്ടാക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഏഴ് എംഎല്‍എഫ്എഫ് ടോള്‍ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ മുന്‍കാലത്തെ താരതമ്യ കാലയളവിനെ അപേക്ഷിച്ച് അറ്റ ടോള്‍ വരുമാനത്തില്‍ 19.84 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി നവംബര്‍ 23ലെ കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു. ഇ-നോട്ടീസുകള്‍ വഴി ഈടാക്കേണ്ട തുകയുടെ ഏകദേശം 60 ശതമാനവും ഇതിനകം തിരിച്ചുപിടിച്ചതായും സര്‍ക്കാര്‍ പറയുന്നു.
English Summary
If you evade toll, you will be fined five times the amount! Strict action against those who conceal their number plates and avoid FASTags. If you evade toll on a road with a toll rate of Rs. 100, you will have to pay Rs. 600, including an additional fine of Rs. 500 and the actual toll amount of Rs. 100.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



