ജയചന്ദ്രൻ കൊട്ടാരത്തിൽ
മാനേജിംഗ് ഡയറക്റ്റർ , ഭൂമി നാച്ചുറൽസ്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…
എന്നാൽ കേരളം ഇപ്പോഴും പ്രധാനമായും ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയിൽ പ്രവാസി മലയാളികൾ വഹിക്കുന്ന പങ്ക് നിർണായകമാണ്. ഇന്നും മികച്ച തൊഴിൽ അവസരങ്ങളും വരുമാന സാധ്യതകളും തേടി കേരളത്തിന് പുറത്തേക്കും വിദേശ രാജ്യങ്ങളിലേക്കും പോകാനാണ് വലിയൊരു വിഭാഗം യുവാക്കൾ ആഗ്രഹിക്കുന്നത്. സ്വന്തം നാട്ടിൽ നിന്നുകൊണ്ടുതന്നെ മികച്ച വരുമാനം നേടാനും തൊഴിൽ സൃഷ്ടിക്കാനും സാധിക്കുമെന്ന അവബോധം യുവാക്കൾക്കിടയിൽ ശക്തമാകേണ്ടതുണ്ട്.

കേരളത്തിൽ ഒരു ഫാക്ടറി ആരംഭിക്കാൻ ശ്രമിക്കുമ്പോൾ തന്നെ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നു. പലപ്പോഴും ഒരു വ്യവസായം ആരംഭിക്കുന്നതിലൂടെ ഉണ്ടാകാവുന്ന നേട്ടങ്ങളെക്കാൾ, അതുമൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളാണ് ആദ്യം ചർച്ച ചെയ്യപ്പെടുന്നത്. ഇത്തരം പരിമിതമായ സമീപനങ്ങളിലും മനോഭാവങ്ങളിലുമാണ് ആദ്യം മാറ്റം വരേണ്ടത്.വ്യവസായവൽക്കരണം സംസ്ഥാനത്തിന് നൽകുന്ന തൊഴിൽ, നിക്ഷേപം, സാമ്പത്തിക വളർച്ച തുടങ്ങിയ നേട്ടങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.
നിലവിൽ കേരളത്തിൽ ടൂറിസം, മെഡിക്കൽ മേഖലകൾ മികച്ച രീതിയിൽ വളർച്ച കൈവരിക്കുന്നുണ്ട്. കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തിനൊപ്പം ശുചിത്വത്തിനും പൊതുസ്ഥലങ്ങളുടെ പരിപാലനത്തിനും മലയാളികൾ നൽകുന്ന പ്രാധാന്യവും സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയൊരു നേട്ടമാണ്. റോഡുകളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുന്ന ശീലം കേരളത്തെ മറ്റ് പല സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടുതന്നെ വ്യവസായവൽക്കരണം സാധ്യമാക്കുന്നതിനുള്ള വ്യക്തമായ ഒരു സമീപനം സർക്കാർ തലത്തിൽ രൂപപ്പെടുത്തേണ്ടതുണ്ട്.സ്വയംതൊഴിൽ ഒരു മികച്ച തൊഴിൽ സാധ്യതയാണെന്ന ബോധ്യവും സമൂഹത്തിൽ ശക്തമായി വളർത്തിയെടുക്കണം. സംരംഭകത്വത്തിന്റെയും സ്വയംതൊഴിലിന്റെയും സാധ്യതകളെക്കുറിച്ച് യുവാക്കൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കുകയും ആവശ്യമായ പിന്തുണയും മാർഗനിർദേശങ്ങളും ഉറപ്പാക്കുകയും വേണം.
കേരളത്തിന്റെ പരമ്പരാഗതമായി ശക്തമായ നാണ്യവിളകൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ മേഖലകളിലേക്കും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കേണ്ടതുണ്ട്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾക്ക് ആഭ്യന്തര വിപണിയിലും ആഗോള വിപണിയിലും വലിയ ആവശ്യകതയുണ്ട്. ഇത്തരം സാധ്യതകൾ കൃത്യമായി തിരിച്ചറിഞ്ഞ് അവയ്ക്ക് ആവശ്യമായ മുൻഗണന നൽകാനും മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനം ഉൾപ്പെടെ കൂടുതൽ നിക്ഷേപങ്ങൾക്ക് വഴിയൊരുക്കാനും സാധിക്കണം.





