എന്‍.കെ. കുര്യന്
സ്ഥാപകന്‍, മാംഗോ മെഡോസ്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…
കേരളത്തിന്റെ ടൂറിസം മേഖല ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ഒരു കൃത്യമായ മാസ്റ്റര്‍ പ്ലാനിന്റെ അഭാവമാണ്. മൂന്നാര്‍, കുമരകം, ആലപ്പുഴ, കാന്തല്ലൂര്‍ തുടങ്ങിയ പ്രധാന ഡെസ്റ്റിനേഷനുകളിലെല്ലാം സ്വകാര്യ സംരംഭകരുടെ വ്യക്തിഗത ശ്രമങ്ങളിലൂടെ മാത്രമാണ് വികസനമുണ്ടായിട്ടുള്ളത്. അടുത്ത 25-30 വര്‍ഷത്തെ വികസന സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോഡുകളുടെ വീതി നിര്‍ണ്ണയിക്കാനും, കെട്ടിടങ്ങളുടെ ഡിസൈനും പാര്‍ക്കിംഗ് സൗകര്യങ്ങളും നിശ്ചയിക്കാനും സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ തലത്തില്‍ ശക്തമായ മാസ്റ്റര്‍ പ്ലാനുകള്‍ രൂപീകരിക്കേണ്ടതുണ്ട്.

കെടിഡിസി പോലെയുള്ള സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറി സര്‍ക്കാര്‍ നേരിട്ടുള്ള ടൂറിസം ബിസിനസ്സില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറണം. റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും നിര്‍മ്മാണ മാനദണ്ഡങ്ങളും മാസ്റ്റര്‍ പ്ലാനും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലുമാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്.
നമ്മുടെ ഉള്‍നാടന്‍ ബാക്ക്വാട്ടര്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്നത് തോടുകളിലും നദികളിലും പ്ലാനിംഗില്ലാതെ നിര്‍മ്മിച്ചിരിക്കുന്ന താഴ്ന്ന സ്ലാബ് പാലങ്ങളും തടിപ്പാലങ്ങളുമാണ്. പണ്ട് കുട്ടനാട്ടിലുണ്ടായിരുന്നതുപോലെ കുറഞ്ഞത് 4-5 മീറ്റര്‍ ഉയരമുള്ള ആര്‍ച്ച് പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള പോളിസി സര്‍ക്കാര്‍ കൊണ്ടുവരണം. ഇത് കുമരകത്ത് നിന്ന് ചങ്ങനാശ്ശേരി, അതിരമ്പുഴ, എഴുമാന്തുരുത്ത് തുടങ്ങിയ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് ജലമാര്‍ഗ്ഗം വഴി ടൂറിസത്തെ വ്യാപിപ്പിക്കാന്‍ സഹായിക്കും.
റോഡിലൂടെയുള്ള സഞ്ചാരം പോലെ ജലാശയങ്ങളിലൂടെയുള്ള യാത്രയും പൗരന്മാരുടെ ഭരണഘടനാപരമായ പ്രാഥമിക അവകാശമാണ്. ജലമാര്‍ഗമുള്ള യാത്രകള്‍ തല്‍പ്പര കക്ഷികളുടെ പരാതികളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ തടയുന്ന പ്രവണത അവസാനിപ്പിക്കണം. ജലാശയങ്ങള്ക്കിടയിലെ തടസ്സങ്ങള്‍ നീക്കാനും തടസ്സമില്ലാത്ത സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കണം.
കാന്തല്ലൂര്‍ പോലെയുള്ള അപൂര്‍വ്വ കാലാവസ്ഥാ സവിശേഷതകളും വൈവിധ്യമാര്‍ന്ന വിളവുകളുമുള്ള പ്രദേശങ്ങളെ കൃത്യമായ മാസ്റ്റര്‍ പ്ലാനുകളിലൂടെയും അടിസ്ഥാന സൗകര്യങ്ങളിലൂടെയും ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ മാത്രമേ കേരള ടൂറിസത്തിന് ലോകോത്തര നിലവാരത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കൂ.





