മാത്യു ജോസഫ്
സിഒഒ, ഫ്രഷ് ടു ഹോം
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…
പ്രവാസികളിൽ നിന്നുള്ള വരുമാനം കുറയുന്നതും ബ്രെയിൻ ഡ്രെയിൻ എന്ന രീതിയിൽ പ്രതിഭകളുടെ കൂട്ടമായ പലായനവും കേരളം നേരിടുന്ന വലിയ വെല്ലുവിളികളാണ്. നിലവിൽ നാം ഒരു ‘വിതരണ കേന്ദ്രം’ മാത്രമാണ്. ഇവിടെ ചിലവഴിക്കപ്പെടുന്ന പണത്തിന്റെ 70-80 ശതമാനവും ഉൽപ്പാദന കേന്ദ്രങ്ങളായ ഇതര സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണ് . ഈ മൂലധന ചോർച്ച തടയാനും പണം സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തുന്ന ‘റോളിംഗ് മണി’ ഉറപ്പാക്കാനും കേരളം ഒരു ഉൽപ്പാദന കേന്ദ്രമായി മാറേണ്ടത് അനിവാര്യമാണ്.

ബിസിനസ് സൗഹൃദ സംസ്ഥാനമാകണം
സംരംഭകരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം വളർത്താൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകണം. ബിസിനസ് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാൻ ഒരു ‘മാർക്കറ്റിംഗ്’ സമീപനം സ്വീകരിക്കേണ്ടതുണ്ട്. സംരംഭങ്ങളോടുള്ള നിഷേധാത്മക നിലപാട് മാറാതെ യുവതലമുറയെ സംസ്ഥാനത്ത് നിലനിർത്താനാവില്ല.
ഉൽപ്പാദന മേഖലയും ‘മെയ്ഡ് ഇൻ കേരള’ ബ്രാൻഡും
അസംസ്കൃത വസ്തുക്കളുടെ അഭാവം മൂലം കൊച്ചിൻ പോർട്ട് ഒന്നാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് നാം ഗൗരവമായി കാണണം. ‘മെയ്ഡ് ഇൻ ചൈന’ എന്ന ബ്രാൻഡിൽ ആപ്പിൾ ഉൽപ്പന്നങ്ങൾ നിർമ്മിക്കപ്പെടുന്നത് പോലെ ‘മെയ്ഡ് ഇൻ കേരള’ വികസിപ്പിക്കണം. മറൈൻ ഓഷൻ സ്റ്റഡീസ് കണ്ടെത്തിയ 17 കേന്ദ്രങ്ങളിൽ കടൽ കൃഷി ആരംഭിക്കണം. മത്സ്യത്തൊഴിലാളികളെ ‘ഉടമസ്ഥാവകാശ പങ്കാളിത്ത മാതൃകയിൽ’ ഇതിൽ പങ്കാളികളാക്കുന്നത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും.
ഐടി മേഖലയും നഗര സൗകര്യങ്ങളുടെ നവീകരണവും പ്രധാനം
1.25 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന ഐടി പ്രൊഫഷണലുകളെ നിലനിർത്താൻ അന്താരാഷ്ട്ര നിലവാരമുള്ള ഇൻഫ്രാസ്ട്രക്ചർ അത്യാവശ്യമാണ്. ഇവർ വരുമാനത്തിന്റെ 50 ശതമാനമെങ്കിലും നാട്ടിൽ ചിലവഴിക്കാൻ പ്രേരിപ്പിക്കുന്ന കഫേകളും നൈറ്റ് ലൈഫ് സൗകര്യങ്ങളും ഒരുക്കണം. ഇത് കേവലം വിനോദമല്ല, മറിച്ച് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ‘ഇക്കണോമിക് മൾട്ടിപ്ലയർ’ ആണ്.
പ്രകൃതിവിഭവങ്ങളും ഹ്യൂമൻ ക്യാപിറ്റലും ഫലപ്രദമായി വിനിയോഗിച്ചുകൊണ്ട് ഒരു ഉൽപ്പാദന സംസ്കാരം വളർത്തിയെടുത്താൽ കേരളത്തെ ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമായി മാറ്റാൻ സാധിക്കും.





