ജയകുമാർ മോഹനചന്ദ്രൻ
സിഇഒ, F9 ഇന്‍ഫോടെക്ക്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…
സാക്ഷരതയിലും ആരോഗ്യപരിപാലനത്തിലും സാമൂഹിക വികസനത്തിലും രാജ്യത്തിന് മാതൃകയാണ് കേരളം. അടുത്ത ഘട്ടത്തില്‍ അറിവ്, നവീകരണം, കൃത്രിമ ബുദ്ധി, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ വിശ്വാസം, ആഗോള നിക്ഷേപം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് കേരളം മുന്നേറണം. ഇതിനായി ‘കേരള വിഷൻ 2035′ എന്ന ദീര്‍ഘകാല വികസന ദൗത്യം പ്രഖ്യാപിച്ച് കേരളത്തെ ഇന്ത്യയിലെ ഏറ്റവും നൂതനവും നിക്ഷേപ സൗഹൃദവുമായ സംസ്ഥാനമാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. കൂടാതെ കേരളത്തെ ‘India’s Digital Trust Capital’ ആയും സൈബർസെക്യൂരിറ്റി & എഐ ഹബ് ആയും വികസിപ്പിക്കാനുള്ള പരിശ്രമം ഉണ്ടാകണം.

ബിസിനസ് ആരംഭിക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള നടപടിക്രമങ്ങൾ കൂടുതല്‍ ലളിതമാക്കി എല്ലാ അനുമതികളും സമയബന്ധിതമായി ലഭ്യമാക്കുന്ന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആഗോള മലയാളി സമൂഹത്തിന്റെ നിക്ഷേപവും അറിവും സംസ്ഥാന വികസനത്തിനായി പ്രയോജനപ്പെടുത്തുന്ന പ്രത്യേക നയവും കേരള വികസനത്തിന് മുതൽക്കൂട്ടാകും.
സ്കൂള്‍ മുതല്‍ സര്‍വകലാശാല വരെ എഐ, സൈബർസെക്യൂരിറ്റി, റോബോട്ടിക്സ്, ഡാറ്റ സയൻസ് തുടങ്ങിയ ഭാവി സാങ്കേതികവിദ്യകള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നത് ടെക് മേഖലയുടെ വളര്‍ച്ചയ്ക്ക് കുതിപ്പേകും. ഒപ്പം തന്നെ ഗവേഷണം, സ്റ്റാര്‍ട്ടപ്പുകള്‍, ഉല്‍പ്പന്ന വികസനം, കയറ്റുമതി കേന്ദ്രീകൃത ടെക് കമ്പനികള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണം. വ്യവസായം-സര്‍വകലാശാല-സര്‍ക്കാര്‍-സ്റ്റാര്‍ട്ടപ്പ് സഹകരണം ശക്തിപ്പെടുത്തി ആഗോള നിലവാരത്തിലുള്ള ഇന്നോവേഷൻ എക്കോസിസ്റ്റം സൃഷ്ടിക്കുക. സാക്ഷരതയിലെന്നത് പോലെ ഡിജിറ്റല്‍ സുരക്ഷയിലും എഐയിലും വിശ്വസനീയ ഡിജിറ്റല്‍ ഭരണത്തിലും ഇന്ത്യയ്ക്ക് മാതൃകയാകാനുള്ള എല്ലാ സാധ്യതകളും കേരളത്തിനുണ്ട്.
അതോടൊപ്പം കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവയെ ബന്ധിപ്പിച്ച് കേരള ഡിജിറ്റൽ ഇന്നോവേഷൻ കോറിഡോർ വികസിപ്പിക്കാവുന്നതാണ്. ലോകോത്തര ടെക് കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പ്രോത്സാഹന നയങ്ങള്‍, ആർ&ഡി പിന്തുണ, നികുതി ആനുകൂല്യങ്ങള്‍, മികച്ച ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കണം. കൂടാതെ കേരള സൈബർ ഇന്നോവേഷൻ ഫണ്ട് പോലുള്ള പൊതു-സ്വകാര്യ പങ്കാളിത്ത മോഡലിലൂടെ സൈബര്‍ സുരക്ഷ, എഐ, ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ഫണ്ടിംഗ് സംവിധാനവും രൂപീകരിക്കാവുന്നതാണ്.





