വനത്തിനുള്ളിലിരുന്ന് ജോലി ചെയ്യാം, പ്രകൃതിയോട് ചേർന്നുള്ള Workation സൗകര്യമൊരുക്കി കേരള വനംവകുപ്പ്. റിമോട്ട് ജോലി ചെയ്യുന്നവരെയും ഡിജിറ്റൽ പ്രൊഫഷണലുകളെയും വനമേഖലകളിലേക്ക് ആകർഷിക്കുകയാണ് SHOLA Workstation പദ്ധതിയുടെ ലക്ഷ്യം. ജോലിക്കൊപ്പം വനയാത്രയും പ്രകൃതിനിരീക്ഷണവും താമസസൗകര്യവും ആസ്വദിക്കാൻ അവസരമൊരുക്കുന്ന പദ്ധതിക്ക് ഇക്കോ ടൂറിസം രംഗത്ത് പുതിയ സാധ്യതകൾ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ (KFDC) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പത്തനംതിട്ടയിലെ ഗവിയിലും ഇടുക്കിയിലെ സൂര്യനെല്ലിയിലുമാണ് ആദ്യഘട്ടത്തിൽ SHOLA Workstation സൗകര്യം ഒരുക്കിയിരിക്കുന്നത്. വർക്ക് ഫ്രം എനിവേർ (Work From Anywhere) രീതിയിൽ ജോലി ചെയ്യുന്നവർക്ക് പതിവ് ഓഫീസ് അന്തരീക്ഷത്തിൽനിന്ന് മാറി വനാന്തരീക്ഷത്തിൽ താമസിച്ച് ജോലി ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുന്നത്.
ഇന്റർനെറ്റ് കണക്ഷൻ ഉൾപ്പെടെയുള്ള തൊഴിൽസൗകര്യങ്ങൾക്കൊപ്പം പ്രകൃതിയോട് ചേർന്നുള്ള താമസവും വനവിനോദസഞ്ചാര അനുഭവങ്ങളും പദ്ധതിയുടെ ഭാഗമാണ്. വനത്തിലൂടെയുള്ള യാത്രകൾ, ജൈവവൈവിധ്യ നിരീക്ഷണം, പ്രകൃതിയെ അടുത്തറിയാനുള്ള അവസരങ്ങൾ എന്നിവയും സന്ദർശകർക്ക് ലഭിക്കും. ഐടി പ്രൊഫഷണലുകൾ, ഫ്രീലാൻസർമാർ, ഡിജിറ്റൽ നോമാഡുകൾ തുടങ്ങിയവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
അഞ്ച് ആശയങ്ങളുടെ സംയോജനം
സീക്ക് (Seek), ഹൈക്ക് (Hike), ഒബ്സേർവ് (Observe), ലോഡ്ജ് (Lodge), അബ്സോർബ് (Absorb) എന്നീ അഞ്ച് വാക്കുകളുടെ ആദ്യാക്ഷരങ്ങൾ ചേർന്നാണ് SHOLA എന്ന പേര് രൂപപ്പെടുത്തിയിരിക്കുന്നത്. പ്രകൃതിയെ തേടുക, വനപാതകളിലൂടെ യാത്ര ചെയ്യുക, വന്യജീവികളെയും ജൈവവൈവിധ്യത്തെയും നിരീക്ഷിക്കുക, പ്രകൃതിയോട് ചേർന്നുള്ള താമസസൗകര്യം ആസ്വദിക്കുക, പ്രകൃതിയുടെ അനുഭവങ്ങൾ ഉൾക്കൊള്ളുക എന്നിവയാണ് ഈ ആശയത്തിന്റെ കാതൽ.
ഇക്കോ ടൂറിസത്തിന് പുതിയ വരുമാനസാധ്യത
പരമ്പരാഗത വിനോദസഞ്ചാരത്തിന് പുറമെ ജോലി ചെയ്യുന്നതിനായി ഒരു സ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരെയും കേരളത്തിലെ വനമേഖലകളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. ഇതിലൂടെ വനവിനോദസഞ്ചാരത്തിന് പുതിയ വിപണി കണ്ടെത്താനും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് വരുമാനമുണ്ടാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
റിമോട്ട് തൊഴിൽരീതികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ Workation സൗകര്യങ്ങൾക്ക് വർധിച്ചുവരുന്ന ആവശ്യകത പ്രയോജനപ്പെടുത്താനാണ് വനംവകുപ്പിന്റെ നീക്കം. അതേസമയം, വനത്തിന്റെ പരിസ്ഥിതിലോലാവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതും പദ്ധതിയുടെ വിജയത്തിൽ നിർണായകമാകും.
SHOLA Workstation പദ്ധതിയുടെ ഭാഗമായി ഗവിയിലെത്തുന്നവർക്കും സൂര്യനെല്ലിയിലെത്തുന്നവർക്കും നാല് ദിവസവും മൂന്ന് രാത്രിയും ഉൾപ്പെടുന്ന പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് പേർക്ക് ഒരുമിച്ച് താമസിക്കാവുന്ന മുറിക്ക് 14,000 രൂപയാണ് പാക്കേജ് നിരക്ക്. അതായത് ഒരാൾക്ക് 7,000 രൂപ വീതം ചെലവാകും. ഇതിന് പുറമെ ജിഎസ്ടി കൂടി നൽകണം. മൂന്ന് നേരത്തെ ഭക്ഷണം, താമസസൗകര്യം, അതിവേഗ ഇന്റർനെറ്റ്, പ്രത്യേക വർക്ക്സ്റ്റേഷൻ സൗകര്യം, 24 മണിക്കൂർ സഹായം എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു.
പ്രകൃതിനിരീക്ഷണം, ഗൈഡഡ് നേച്ചർ വാക്ക് തുടങ്ങിയ അനുഭവങ്ങളും പാക്കേജിന്റെ ഭാഗമാണ്. കൊളുക്കുമല സൂര്യോദയ ജീപ്പ് സഫാരി, പ്രാദേശിക ഗ്രാമസന്ദർശനം തുടങ്ങിയവ അധിക നിരക്കിൽ ലഭിക്കും. പാക്കേജ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഔദ്യോഗിക ഇക്കോ ടൂറിസം വെബ്സൈറ്റ് സന്ദർശിക്കുകയോ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ബന്ധപ്പെടുകയോ ചെയ്യാം.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



