ഇസ്രായേലിന് നൽകിവരുന്ന വാർഷിക സൈനിക സഹായം ഈ വർഷാവസാനത്തോടെ അവസാനിപ്പിക്കുമെന്ന നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് 4 ബില്യൺ ഡോളറിന്റെ 33,000 കോടിയിലധികം രൂപ സഹായം നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഇസ്രായേലിന് ഇപ്പോൾ ഈ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്നും, അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഈ വലിയ ഫണ്ടിംഗ് രാഷ്ട്രീയ എതിരാളികൾ റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ ആയുധമാക്കുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു.
ആയുധങ്ങൾ വാങ്ങാം
സൗജന്യമായി പണം നൽകുന്നത് നിർത്തിയാലും, ഇസ്രായേലിന് ആവശ്യമായ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും പണം നൽകി വാങ്ങാൻ അമേരിക്കൻ വിപണിയിൽ അനുമതിയുണ്ടായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങളാണ് അമേരിക്ക നിർമ്മിക്കുന്നതെന്നും, യൂറോപ്പ് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളെപ്പോലെ ഇസ്രായേലിനും അവ പണം കൊടുത്ത് വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ സഹായം ഒഴിവാക്കുന്നത് വഴി അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന വിമർശനങ്ങളെയും അനീതി ആരോപണങ്ങളെയും പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
അമേരിക്കയുടെ ഈ അപ്രതീക്ഷിത പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിലും രാഷ്ട്രീയ രംഗത്തും വലിയ ചർച്ചകൾക്ക് വഴിതുടങ്ങിയിട്ടുണ്ട്. ഗാസ യുദ്ധത്തിന് ശേഷമുള്ള പശ്ചാത്തലത്തിൽ വാഷിംഗ്ടണിന്റെ ഇസ്രായേൽ നയങ്ങളിൽ മാറ്റം വരുന്നുവെന്നതിന്റെ സൂചനയായാണ് നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. സാമ്പത്തിക സഹായം പൂർണ്ണമായി നിർത്തലാക്കുമെങ്കിലും ആവശ്യഘട്ടങ്ങളിൽ ഇസ്രായേലിന് മറ്റ് സഹായങ്ങൾ നൽകാൻ അമേരിക്ക തയ്യാറാകുമെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി.
എന്ന് തുടങ്ങി സഹായം?
അമേരിക്കൻ ഐക്യനാടുകൾ ഇസ്രായേലിന് ഔദ്യോഗികമായും വൻതോതിലും സൈനിക സഹായങ്ങൾ നൽകാൻ തുടങ്ങിയത് 1960-കളുടെ അവസാനത്തിലും 1970-കളുടെ തുടക്കത്തിലുമാണ്. 1948-ൽ ഇസ്രായേൽ ഒരു രാഷ്ട്രമായി രൂപീകൃതമായ സമയത്ത് ഫ്രാൻസ് ആയിരുന്നു അവരുടെ പ്രധാന ആയുധ ദാതാവ്. എന്നാൽ 1967-ലെ ആറു ദിവസത്തെ യുദ്ധത്തിന് ശേഷം ഫ്രാൻസ് ഇസ്രായേലിന്മേൽ ആയുധ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് അമേരിക്ക ഇത് നികത്താൻ മുന്നോട്ടുവന്നത്. 1973-ലെ അൽ-അഖ്സ -യോം കിപ്പൂർ യുദ്ധകാലത്ത് അന്നത്തെ യു.എസ് പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ഇസ്രായേലിന് 2.2 ബില്യൺ ഡോളറിന്റെ അടിയന്തര സൈനിക സഹായം പ്രഖ്യാപിച്ചതാണ് ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്. അന്നുതൊട്ടാണ് അമേരിക്കൻ കോൺഗ്രസ് ഇസ്രായേലിനായി പ്രതിവർഷം നിശ്ചിത തുക സൈനിക ഗ്രാന്റായി നൽകുന്ന നയം സ്ഥിരമാക്കിയത്.
തന്ത്രപരം
ഇസ്രായേലിന് ഇത്രയധികം സഹായം നൽകാൻ അമേരിക്കയെ പ്രേരിപ്പിച്ച പ്രധാന കാരണം മിഡിൽ ഈസ്റ്റിലെ തന്ത്രപരമായ രാഷ്ട്രീയ-സൈനിക താല്പര്യങ്ങളാണ്. കോൾഡ് വാർ സമയത്ത് അറബ് രാജ്യങ്ങളിൽ ഭൂരിഭാഗവും സോവിയറ്റ് യൂണിയനുമായി അടുപ്പം കാണിച്ചപ്പോൾ, മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ ഏറ്റവും വിശ്വസ്തനായ സുഹൃത്തായും ജനാധിപത്യ പങ്കാളിയായും നിലകൊണ്ടത് ഇസ്രായേലാണ്. അയൽരാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്നും സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന്റെ സൈനിക മുൻതൂക്കം നിലനിർത്തേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് വാഷിംഗ്ടൺ കരുതി. കൂടാതെ ഇന്റലിജൻസ് വിവരങ്ങൾ പങ്കുവെക്കുന്നതിലും മേഖലയിൽ അമേരിക്കയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിലും ഇസ്രായേൽ വലിയ പങ്കുവഹിച്ചു.
രാഷ്ട്രീയ സമ്മർദ്ദങ്ങൾ
എന്നാൽ 2026-ഓടെ ഈ സൈനിക സഹായം നിർത്തലാക്കുമെന്ന ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നിൽ പ്രധാനമായും അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിലെ സമ്മർദ്ദങ്ങളും സാമ്പത്തിക മാറ്റങ്ങളുമാണ്. സാമ്പത്തികമായി ലോകത്തിലെ ഏറ്റവും കരുത്തുറ്റ രാജ്യങ്ങളിലൊന്നായി ഇസ്രായേൽ മാറിയ സാഹചര്യത്തിൽ, അമേരിക്കൻ ജനങ്ങളുടെ നികുതിപ്പണം വൻതോതിൽ ഇസ്രായേലിന് സൗജന്യമായി നൽകുന്നത് ഉചിതമല്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് അമേരിക്കൻ രാഷ്ട്രീയത്തിൽ ഡെമോക്രാറ്റിക് പ്രതിപക്ഷവും ചില മാഗ വിഭാഗക്കാരും ഈ 4 ബില്യൺ ഡോളർ സഹായത്തെ സർക്കാരിനെതിരെ ആയുധമാക്കുന്നത് തടയാനും അമേരിക്ക ഫസ്റ്റ് നയം ശക്തമാക്കാനുമാണ് ട്രംപ് പെട്ടെന്ന് ഈ തീരുമാനമെടുത്തത്. സാമ്പത്തിക ഗ്രാൻഡ് നിർത്തിയാലും ഇസ്രായേലിന് ആവശ്യമായ ആയുധങ്ങൾ പണം നൽകി വാങ്ങാനുള്ള സൗകര്യം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



