ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള ചിപ്പ് നിർമ്മാണ ഭീമനായ എൻവിഡിയയിൽ അമേരിക്കൻ സർക്കാർ ഓഹരി പങ്കാളിത്തം എടുക്കുന്ന കാര്യം താനും ആലോചിച്ചിട്ടുണ്ടെന്നും, അതിന് ഇനിയും സമയം വൈകിയിട്ടില്ലായിരിക്കാമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പ്രധാന കമ്പനി
മുൻപ് മറ്റൊരു അമേരിക്കൻ ചിപ്പ് നിർമ്മാണ കമ്പനിയായ ഇന്റലിൽ സർക്കാർ ഓഹരി പങ്കാളിത്തം നേടിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി; സാങ്കേതിക രംഗത്തും സമ്പദ്വ്യവസ്ഥയിലും അമേരിക്കയ്ക്ക് എൻവിഡിയ പ്രധാനപ്പെട്ടതാണെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. സദാചാരവിരുദ്ധമായ പെരുമാറ്റ ആരോപണത്തെത്തുടർന്ന് പുറത്താക്കപ്പെട്ട ജെൻസൻ ഹുവാങ്ങിനെ രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും സിഇഒ ആയി എൻവിഡിയ ബോർഡ് തിരിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം വന്നത്.
ചൈനയെ തോൽപ്പിക്കണം
ഹുവാങ്ങിന്റെ തിരിച്ചുവരവിനായി വൈറ്റ് ഹൗസിൽ നിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടായതായും, നിർമ്മിത ബുദ്ധി രംഗത്ത് ചൈനയേക്കാൾ മുൻതൂക്കം നിലനിർത്താൻ ഹുവാങ് എൻവിഡിയയെ നയിക്കുന്നത് അനിവാര്യമാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
എൻവിഡിയയിൽ സർക്കാർ ഓഹരി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെങ്കിലും, മുൻകാലങ്ങളിൽ സമാനമായ ചില നീക്കങ്ങളും നിർദ്ദേശങ്ങളും അമേരിക്കയിൽ ഉയർന്നുവന്നിട്ടുണ്ട്. 2026 ജനുവരിയിൽ പുറത്തിറക്കിയ ലൈസൻസിംഗ് ചട്ടപ്രകാരം, ചൈനയിലേക്ക് വിൽക്കുന്ന ചില എഐ ചിപ്പുകളുടെ വരുമാനത്തിന്റെ ഏകദേശം 15 മുതൽ 20 ശതമാനം വരെയുള്ള വിഹിതം അമേരിക്കൻ സർക്കാരിന് നൽകണമെന്ന വ്യവസ്ഥ നിലവിലുണ്ട്; എന്നാൽ അത് കമ്പനിയിലെ നേരിട്ടുള്ള ഓഹരി പങ്കാളിത്തമല്ല, മറിച്ച് വരുമാന പങ്കുവയ്ക്കൽ മാത്രമായിരുന്നു. അതേസമയം, ആഭ്യന്തര ചിപ്പ് നിർമ്മാണവും ദേശീയ സുരക്ഷയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2025 ഓഗസ്റ്റിൽ ഇന്റലിൽ അമേരിക്കൻ സർക്കാർ 9.9 ശതമാനം ഓഹരി പങ്കാളിത്തം നേടിയിരുന്നു.
സർക്കാർ ഇടപെടലുകൾ കൂടുമോ?
ഇതിന് പുറമെ, നിർമ്മിത ബുദ്ധി രംഗത്തെ വളർച്ചയുടെ പ്രയോജനം പൊതുജനങ്ങൾക്കും ലഭ്യമാക്കുന്നതിനായി ഓപ്പൺഎഐയുടെ അഞ്ച് ശതമാനം ഓഹരി സർക്കാരിന് നൽകുന്നതും, മറ്റ് പ്രമുഖ എഐ കമ്പനികളും സമാനമായ പങ്കാളിത്തം ഒരു സർക്കാർ ഫണ്ടിലേക്ക് നൽകുന്നതും 2026 ജൂലൈയിൽ സിഇഒ സാം ആൾട്ട്മാൻ ചർച്ച ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഈ പശ്ചാത്തലത്തിൽ എൻവിഡിയയെക്കുറിച്ചും ട്രംപ് നടത്തിയ പരാമർശങ്ങൾ വലിയ ശ്രദ്ധയാണ് നേടുന്നത്. എങ്കിലും എൻവിഡിയയുടെ ഓഹരിയിൽ സർക്കാർ പങ്കാളിത്തം എടുക്കുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ലെങ്കിലും, സാങ്കേതിക കമ്പനികളിൽ സർക്കാരിന്റെ ഇടപെടലുകളെയും ഓഹരി പങ്കാളിത്തത്തെയും കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമാക്കാൻ ഈ പ്രസ്താവന കാരണമായിട്ടുണ്ട്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



