കരുത്തുറ്റ മടക്കം
ടാറ്റയിലേക്ക് എന്‍ ചന്ദ്രശേഖരന്റെ ശക്തമായ മടക്കം. ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി എന്‍. ചന്ദ്രശേഖരന് വീണ്ടും അഞ്ച് വര്‍ഷത്തെ കാലാവധി അനുവദിക്കാന്‍ ബോര്‍ഡ് അംഗീകാരം നല്കി. വ്യാഴാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ 1 നെതിരെ 4 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ടാറ്റ ട്രസ്റ്റ്സ് ചെയര്മാന് നോയല്‍ ടാറ്റ മാത്രമാണ് പുനര്‍നിയമന പ്രമേയത്തെ എതിര്‍ത്തത്. തന്റെ വീറ്റോ വോട്ട് അംഗീകരിക്കാഞ്ഞത് നിയമവിരുദ്ധമാണെന്ന് നോയല്‍ ടാറ്റ പ്രതികരിച്ചു. ടാറ്റ സണ്‍സിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതും ബോര്‍ഡ് പരിഗണിച്ചെങ്കിലും ഇതുസംബന്ധിച്ച് അന്തിമ പ്രമേയം പാസാക്കിയിട്ടില്ല.
എന്‍എസ്ഇ ഐപിഒ ആദ്യ ദിനം
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (NSE) 22,562 കോടി രൂപയുടെ ഐപിഒ ഇന്ന് സബ്സ്ക്രിപ്ഷനായി തുറന്നു. ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 1,700-1,785 രൂപയാണ്. ഇഷ്യുവിന് മുന്നോടിയായി ഗ്രേ മാര്‍ക്കറ്റ് പ്രീമിയം (GMP) ഏകദേശം 8-9% വരെയായിരുന്നു. ആദ്യ ദിനം റീട്ടെയ്ലര്മാര്ക്കായി നീക്കിവെച്ചിരിക്കുന്ന 4.41 കോടി ഓഹരികളില്‍ 41% സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഐപിഒയ്ക്ക് മുമ്പ് ആങ്കര്‍ ബുക്കിലൂടെ 6,746 കോടി രൂപയും എന്‍എസ്ഇ സമാഹരിച്ചു.
വിപണിയില്‍ ഉണര്‍വ്
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് ഉയര്‍ത്താനുള്ള തീരുമാനമുണ്ടായിട്ടും ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തിലായിരുന്നു. ആഗോള വിപണികളില്‍ നിന്ന് സമ്മിശ്ര സൂചനകള്‍ ലഭിച്ച സാഹചര്യത്തിലും സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്നു. നിഫ്റ്റി 53 പോയന്റ് നേട്ടത്തോടെ 23,270.60 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സും നേട്ടത്തിലായിരുന്നെങ്കിലും സിഎഎസ് സെഷനില്‍ വില്‍പ്പന നടന്നതോടെ 21 പോയന്റ് നഷ്ടത്തില്‍ 74,314.59 ലാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇ ഐപിഒയ്ക്കൊപ്പം വാല്യു ബൈയിഗും വിപണിയെ ഓവര്‍സോള്‍ഡ് മേഖലയില്‍ സഹായിച്ചു.
ഇന്ത്യയ്ക്ക് ക്രൂഡ് നല്‍കുന്നത് നിര്‍ത്തി സൗദി
സൗദി അറേബ്യയിലെ 1,200 കിലോമീറ്ററിലേറെ നീളമുള്ള ഈസ്റ്റ് വെസ്റ്റ് എണ്ണ പൈപ്പ്ലൈന് ആക്രമണത്തെ തുടര്‍ന്ന് അടച്ചതിന്റെ പ്രത്യാഘാതം ഇന്ത്യന്‍ റിഫൈനറികളിലും. സൗദി അരാംകോ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഏകദേശം 9 ശതമാനം സൗദിയില്‍ നിന്നായിരുന്നു. ഈസ്റ്റ് വെസ്റ്റ് പൈപ്പ്ലൈന് സൗദിയുടെ കിഴക്കന്‍ എണ്ണപ്പാടങ്ങളില്‍നിന്ന് ചെങ്കടലിലെ യാന്‍ബു തുറമുഖത്തേക്ക് ക്രൂഡ് എത്തിക്കുന്ന പ്രധാന മാര്‍ഗമാണ്.
റഷ്യന്‍ എണ്ണ: യുഎസ് ബില്ലിനെതിരെ ഇന്ത്യ
റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം വരെ അധിക തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്കുന്ന ബില്‍ യുഎസ് ജനപ്രതിനിധിസഭ പാസാക്കിയതോടെ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ശക്തമായി. ബില്ലിന് 159 നെതിരെ 262 വോട്ടിനാണ് ഹൗസ് അംഗീകാരം നല്‍കിയത്. റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയെയും ചൈനയെയും ഇത് ബാധിക്കാം. രാജ്യത്തിന്റെ വ്യാപാര, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ യുഎസ് ട്രഷറി ബോണ്ട് വിഹിതം ഉയര്‍ന്നു
യുഎസ് ട്രഷറി ഡാറ്റ പ്രകാരം ജൂലൈയില്‍ ഇന്ത്യ വാങ്ങിയത് 15.2 ബില്യണ്‍ ഡോളറിന്റെ യുഎസ് ട്രഷറി ബോണ്ടുകള്‍. ജൂണിലെ 3.39 ബില്യണ്‍ ഡോളറില്‍ നിന്നാണ് വന്‍ വര്‍ധന. ഇതോടെ ഇന്ത്യയുടെ യുഎസ് ട്രഷറി നിക്ഷേപം 10 മാസത്തെ ഉയര്‍ന്ന നിലയിലെത്തി. ആര്‍ബിഐയുടെ പ്രത്യേക സംവിധാനങ്ങളിലൂടെ ജൂലൈ അവസാനം വരെ 40.8 ബില്യണ്‍ ഡോളര്‍ വിദേശ ഫണ്ട് രാജ്യത്തേക്ക് എത്തിയതും വാങ്ങല്‍ വര്‍ധിക്കാന്‍ സഹായിച്ചു. ഇതേ കാലയളവില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരവും റെക്കോഡ് ഉയരത്തിലെത്തി. റിസര്‍വ് ബാങ്കിന്റെ സ്വാപ്പ് സംവിധാനത്തിലൂടെ ലഭിച്ച ഡോളര്‍ ഫണ്ടിന്റെ ഒരു ഭാഗം യുഎസ് ട്രഷറി ബോണ്ടുകൡ നിക്ഷേപിച്ചതാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.





