മൈക്രോഫിനാന്‍സ് മേഖലയിലെ തിരിച്ചടവ് പ്രതിസന്ധിയും ഉയര്‍ന്ന മോശം വായ്പകളും കാരണം സമ്മര്‍ദത്തിലായിരുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് വീണ്ടും കരുത്താര്‍ജിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് രണ്ടാം പാദഫലം നല്‍കുന്നത്. 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 80 കോടി രൂപ അറ്റാദായം നേടിയ ബാങ്ക്, ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ലാഭം ഇരട്ടിയാക്കി 160.17 കോടിയിലെത്തി. ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തില്‍ ബാങ്ക് 115.81 കോടി രൂപ നഷ്ടത്തിലായിരുന്നു. ലാഭം ഇരട്ടിച്ചതിനപ്പുറം മോശം വായ്പകളില്‍ ഉണ്ടായ വലിയ കുറവാണ് തിരിച്ചുവരവിന് അടിത്തറയായത്.
മോശം വായ്പകള്‍ കുത്തനെ കുറഞ്ഞു
ജൂണ്‍ പാദത്തിന്റെ അവസാനം 5.40 ശതമാനമായിരുന്ന മൊത്തം മോശം വായ്പാ അനുപാതം സെപ്റ്റംബര്‍ അവസാനത്തോടെ 2.84 ശതമാനമായി കുറഞ്ഞു. ബാങ്കിന് തിരിച്ചുപിടിക്കാനാവാത്ത വായ്പകളുടെ അനുപാതവും 0.83 ശതമാനത്തില്‍ നിന്ന് 0.34 ശതമാനമായി താഴ്ന്നു.
ഒരു വര്‍ഷം മുമ്പ് മൊത്തം മോശം വായ്പാ അനുപാതം 8.54 ശതമാനവും അറ്റ മോശം വായ്പാ അനുപാതം 3.83 ശതമാനവുമായിരുന്നു. അതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാങ്കിന്റെ വായ്പാ ഗുണനിലവാരത്തില്‍ ഉണ്ടായ മാറ്റം ശ്രദ്ധേയമാണ്.
ആദ്യ പാദത്തില്‍ മോശം വായ്പകള്‍ക്കായി ബാങ്ക് 241.96 കോടി രൂപ മാറ്റിവെച്ചിരുന്നു. രണ്ടാം പാദത്തില്‍ ഇത് 147.89 കോടിയായി കുറഞ്ഞു. ഈ കുറവാണ് ലാഭത്തിലെ വലിയ കുതിപ്പിന് പ്രധാന കാരണം. മൊത്തം വരുമാനം ആദ്യ പാദത്തിലെ 1,346 കോടി രൂപയില്‍ നിന്ന് 1,388 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ അറ്റാദായം 80 കോടി രൂപയില്‍ നിന്ന് 160 കോടി രൂപയായി. ഇസാഫിന്റെ രണ്ടാം പാദഫലം വെറും വരുമാന വളര്‍ച്ചയുടെ കഥയല്ല. വായ്പാ നഷ്ടം നിയന്ത്രണത്തിലായതിന്റെ നേട്ടമാണ് ലാഭക്കണക്കില്‍ വ്യക്തമായി പ്രതിഫലിച്ചത്.
വായ്പാ ഘടനയിലും മാറ്റം
ബാങ്കിന്റെ മൊത്തം വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 25 ശതമാനം വര്‍ധിച്ച് 23,934 കോടി രൂപയായി. ഇതില്‍ ഈടോടുകൂടിയ വായ്പകളുടെ വിഹിതം 61 ശതമാനത്തില്‍ നിന്ന് 64 ശതമാനമായി ഉയര്‍ന്നു. നിക്ഷേപം 24 ശതമാനം വര്‍ധിച്ച് 28,466 കോടി രൂപയിലെത്തി. മൈക്രോഫിനാന്‍സ് വായ്പകളെ കൂടുതലായി ആശ്രയിച്ചിരുന്ന ബാങ്ക് കൂടുതല്‍ സുരക്ഷിതമായ വായ്പകളിലേക്ക് ശ്രദ്ധ മാറ്റുന്നതിന്റെ സൂചനയായാണ് ഈ മാറ്റത്തെ കാണാനാകുക.
ആദ്യ പാദത്തിലെ സൂചന
ആദ്യ പാദത്തില്‍ 80 കോടി രൂപ ലാഭം രേഖപ്പെടുത്തിയപ്പോള്‍ ഇസാഫ് പ്രതിസന്ധിയില്‍ നിന്ന് പുറത്തുവരുന്നതിന്റെ സൂചന ലഭിച്ചിരുന്നു. രണ്ടാം പാദത്തിലെ കണക്കുകള്‍ ആ സൂചന കൂടുതല്‍ ശക്തമാക്കി. ലാഭം ഇരട്ടിയായതിനൊപ്പം മോശം വായ്പകള്‍ ഏകദേശം പകുതിയായി. വായ്പാ നഷ്ടത്തിനുള്ള വകയിരുത്തലും കുറഞ്ഞു. ഈ മൂന്ന് ഘടകങ്ങളാണ് ബാങ്കിന്റെ തിരിച്ചുവരവിന്റെ പ്രധാന അടയാളങ്ങള്‍.
എന്നാല്‍ ഒരു മികച്ച പാദഫലം മാത്രം കണ്ടിട്ട് പ്രതിസന്ധി പൂര്‍ണമായും അവസാനിച്ചെന്ന് പറയാന്‍ സമയമായിട്ടില്ല. മൈക്രോഫിനാന്‍സ് മേഖലയിലെ വായ്പാ തിരിച്ചടവ് സാഹചര്യം, വരും പാദങ്ങളിലെ പുതിയ മോശം വായ്പകള്‍, നഷ്ടത്തിനായി വീണ്ടും കൂടുതല്‍ തുക മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടാകുമോയെന്നത് നിര്‍ണായകമാണ്.
ഇനി സ്ഥിരത തെളിയിക്കണം
ഇസാഫ് ബാങ്കിന്റെ നിലവിലെ ചിത്രം പ്രതീക്ഷ നല്‍കുന്നതാണ്. 115 കോടി രൂപയിലേറെ നഷ്ടം രേഖപ്പെടുത്തിയിരുന്ന അതേ പാദത്തില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 160 കോടി രൂപ ലാഭത്തിലേക്ക് എത്തിയത് ചെറിയ മാറ്റമല്ല. എന്നാല്‍ യഥാര്‍ഥ പരീക്ഷണം ഇനി വരാനിരിക്കുന്ന പാദങ്ങളിലാണ്. മോശം വായ്പകള്‍ നിയന്ത്രിക്കാനാകുമോ? വായ്പാ നഷ്ടത്തിനുള്ള വകയിരുത്തല്‍ കുറഞ്ഞുതന്നെ തുടരുമോ? ലാഭവളര്‍ച്ച നിലനിര്‍ത്താനാകുമോ? എന്നിവയാണ് പ്രധാന ചോദ്യങ്ങള്‍.
ഈ ചോദ്യങ്ങള്‍ക്ക് അനുകൂലമായ മറുപടികള്‍ ലഭിച്ചാല്‍, മൈക്രോഫിനാന്‍സ് പ്രതിസന്ധിയില്‍ തളര്‍ന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഈ തിരിച്ചുവരവ് കേരളത്തിന്റെ ബാങ്കിങ് മേഖലയിലെ ശ്രദ്ധേയമായ ഒരു പുനരുജ്ജീവന കഥയായി മാറാം.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



