കൊച്ചി: പണപ്പെരുപ്പ നിയന്ത്രണത്തിനും സാമ്പത്തിക സ്ഥിരതയ്ക്കും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പുതിയ നയതീരുമാനമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ വിനോദ് ഫ്രാന്‍സിസ്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.50 ശതമാനമാക്കിയതും പണനയത്തിലെ കര്‍ശനമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 7.1 ശതമാനമായി ഉയര്‍ത്തിയത് സമ്പദ്വ്യവസ്ഥയുടെ കരുത്തും വളര്‍ച്ചാ സാധ്യതകളും വ്യക്തമാക്കുന്നതാണെന്നും വിനോദ് ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ വിവിധ മേഖലകളില്‍ വായ്പാ ആവശ്യകത ശക്തമായി തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച്, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വിപുലീകരണവും നിക്ഷേപവും വര്‍ധിക്കുന്ന സാഹചര്യത്തില്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മേഖല നിര്‍ണായക പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷ. ബിസിനസ് വളര്‍ച്ചയ്ക്കും പുതിയ നിക്ഷേപങ്ങള്‍ക്കും വായ്പാ ആവശ്യകത വര്‍ധിക്കുന്നത് അനുകൂല ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎസ്എംഇ, റീട്ടെയില്‍ മേഖലകളിലെ വളര്‍ച്ചാ സാധ്യതകളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് ശക്തമായ വിശ്വാസമുണ്ടെന്നും വിനോദ് ഫ്രാന്‍സിസ് പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സമയബന്ധിതവും കാര്യക്ഷമവുമായ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ബാങ്ക് തുടര്‍ന്നും മുന്‍ഗണന നല്‍കുക.
ഉപഭോക്താക്കളുമായി ദീര്‍ഘകാല ബന്ധം വളര്‍ത്തിയെടുക്കുന്നതിനും അവരുടെ ബിസിനസ് വികസനത്തിനും സാമ്പത്തിക ആവശ്യങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനും ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





