കൊച്ചി: കേരളത്തിന്റെ ലോജിസ്റ്റിക്സ് രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി അവിഗ്ന ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് പാര്‍ക്ക് അങ്കമാലിയില്‍ പ്രവര്‍ത്തനം തുടങ്ങി. 150 കോടി രൂപ മുതല്‍മുടക്കി അങ്കമാലി പാറക്കടവ് പുളിയനത്ത് നിര്‍മ്മിച്ച പാര്‍ക്ക് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
പുതിയ ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ വരുമ്പോള്‍ കുടുംബശ്രീ പോലുള്ള പ്രാദേശിക കൂട്ടായ്മകള്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ പ്രദേശവാസികള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി നേടാന്‍ കഴിയും. എല്ലാ വീട്ടിലേക്കും ഒരു തൊഴില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വന്‍കിട വ്യവസായങ്ങള്‍ വരുമ്പോള്‍ അതിനുചുറ്റും ചെറിയ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. വീടിന്റെ വിസ്തീര്‍ണ്ണത്തിന്റെ 50% വരെ സംരംഭങ്ങള്‍ക്കായി ഉപയോഗിക്കാം. ഒഴിഞ്ഞുകിടക്കുന്ന വീടാണെങ്കില്‍ പൂര്‍ണ്ണമായും വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കാന്‍ കഴിയും. മലിനീകരണ പ്രശ്നമില്ലാത്തതിനാല്‍ കേരളത്തിന് അനുയോജ്യമായ ബിസിനസ് മോഡലാണ് ലോജിസ്റ്റിക്സ് പാര്‍ക്കെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ചെന്നൈ ആസ്ഥാനമായുള്ള അവിഗ്ന ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ സംരംഭമാണിത്. 21.35 ഏക്കറില്‍ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നതെന്ന് അവിഗ്ന ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എസ് രാജശേഖരന് പറഞ്ഞു. ആമസോണ്‍, ഡിപി വേള്‍ഡ്, ഫ്ളിപ്കാര്‍ട്ട്, റെക്കിറ്റ്, സോണി, ഫ്ളൈജാക്ക് തുടങ്ങിയ ആഗോള കമ്പനികള്‍ ഇതിനോടകം പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പദ്ധതി വഴി 1500 പേര്‍ക്ക് പ്രത്യക്ഷമായും 250ല്‍ അധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിച്ചതായും എസ് രാജശേഖരന് പറഞ്ഞു.
ബെന്നി ബെഹനാന് എം.പി, റോജി എം. ജോണ്‍ എം.എല്‍.എ, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയദേവന് എസ്. വി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍സി ടോണി, വാര്‍ഡ് കൗണ്‍സിലര്‍ രാജമ്മ, അവിഗ്ന ഡയറക്ടര്‍മാരായ ആര്. നവീന്‍ മണിമാരന്‍, ബിനയ് ജാ, സി.ഒ.ഒ സുബോധ് മിശ്ര എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



