സുശാന്ത് കുറുന്തിൽ
സിഇഒ, ഇൻഫോപാർക്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…
സമഗ്രവികസനമെന്ന കാഴ്ചപ്പാടിൽ കേരളം ഒന്നാമത്തെത്തണമെങ്കിൽ സാമ്പത്തിക പ്രവർത്തനങ്ങളുടെ വ്യാപ്തി വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇവിടെ കൂടുതൽ വരുമാനം ഉണ്ടാകാനുള്ള ബിസിനസുകൾ വരണം. വിജ്ഞാനാധിഷ്ഠിത മേഖലകളിലൂടെയുള്ള ഈ സാമ്പത്തിക വളർച്ചയുടെ യഥാർത്ഥ ചാലകശക്തി മാനുഷിക വിഭവശേഷി തന്നെയാണ്.

ഇനി ഐടി മേഖലയുടെ കാര്യമെടുത്താൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളെ ആഗോള ‘ടാലന്റ് മാഗ്നറ്റുകളായി’ മാറ്റുക എന്നതാണ് നമ്മുടെ പ്രഥമ ലക്ഷ്യം. സാങ്കേതികവിദ്യയും ധനകാര്യ സേവനങ്ങളും അടിസ്ഥാനപരമായി നഗരകേന്ദ്രീകൃതമായ വ്യവസായങ്ങളാണ്. മികച്ച പൊതു-സാമൂഹിക ഇൻഫ്രാസ്ട്രക്ചറിനൊപ്പം റിയൽ എസ്റ്റേറ്റ്, ഓഫീസ് ഇൻഫ്രാസ്ട്രക്ചർ എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ ലോകോത്തര വിദഗ്ധരെ ആകർഷിക്കാനും അവരെ ഇവിടെ നിലനിർത്താനും സാധിക്കൂ.
ടൂറിസം, ഹെൽത്ത് സയൻസസ്, ഏവിയേഷൻ, പോർട്ട് മേഖലകളിൽ കേരളത്തിന് വലിയ സാധ്യതകളുണ്ട്. ഓയിൽ ആൻഡ് ഗ്യാസ്, ലോജിസ്റ്റിക്സ് തുടങ്ങിയ രംഗങ്ങളിൽ പ്രമുഖ ആഗോള കമ്പനികളുടെ ‘ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ’ ഇവിടേക്ക് എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിലവിലുള്ള എണ്ണായിരത്തോളം സ്റ്റാർട്ടപ്പുകൾ കേവലം എണ്ണത്തിൽ ഒതുങ്ങാതെ, യഥാർത്ഥ ഇന്നൊവേഷനിലേക്ക് മാറേണ്ടത് വികസനത്തിന് അത്യന്താപേക്ഷിതമാണ്.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കേരളം അതിന്റെ പൂർണ്ണമായ സാധ്യതകൾ കൈവരിക്കണം. പ്രതിഭകളെ ആകർഷിക്കാനും നിലനിർത്താനും സാധിക്കുന്ന ഒരു സുസ്ഥിര ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാകൂ. ഏറ്റവും കൂടുതൽ നിക്ഷേപവും ഇന്നൊവേഷനും നടക്കുന്ന സംസ്ഥാനമായി കേരളം മാറുന്ന സുസ്ഥിരമായ ഒരു നാളെയാണ് നാം വിഭാവനം ചെയ്യുന്നത്.





