വനിതാ സംരംഭകർക്ക് സ്വന്തം ബിസിനസ് ആരംഭിക്കാനും നിലവിലുള്ള സംരംഭങ്ങൾ വിപുലീകരിക്കാനും സഹായിക്കുന്ന നിരവധി സാമ്പത്തിക സഹായ പദ്ധതികളും വായ്പാ അവസരങ്ങളും രാജ്യത്തുണ്ട്. സർക്കാർ പദ്ധതികൾ, ബാങ്ക് വായ്പകൾ, മൈക്രോഫിനാൻസ്, സ്റ്റാർട്ടപ്പ് ഫണ്ടിങ് എന്നിവയിലൂടെ സംരംഭകത്വത്തിലേക്ക് കടക്കാൻ സ്ത്രീകൾക്ക് അവസരമൊരുങ്ങുന്നു. ഭക്ഷ്യസംസ്കരണം മുതൽ ചില്ലറ വ്യാപാരം, ഉൽപ്പാദനം, കാർഷിക അനുബന്ധ സംരംഭങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് ഇത്തരം സാമ്പത്തിക സഹായങ്ങൾ പ്രയോജനപ്പെടുത്താം.
വനിതാ സംരംഭകർക്ക് സഹായവുമായി അന്നപൂർണ പദ്ധതി
ഭക്ഷ്യസംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി അവതരിപ്പിക്കപ്പെട്ട വായ്പാ പദ്ധതിയാണ് അന്നപൂർണ പദ്ധതി (Annapurna Scheme). ഭക്ഷ്യവസ്തുക്കളുടെ നിർമാണം, വിൽപ്പന, ബേക്കറി, കാറ്ററിങ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഭക്ഷ്യസംരംഭങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും അസംസ്കൃത വസ്തുക്കൾ സംഭരിക്കുന്നതിനും ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള പ്രവർത്തന മൂലധനം കണ്ടെത്തുന്നതിനും വായ്പ പ്രയോജനപ്പെടുത്താം. വായ്പയുടെ ലഭ്യതയും നിബന്ധനകളും ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചിരിക്കും.
ബിസിനസ് വിപുലീകരണത്തിന് മഹിളാ ഉദ്യം നിധി
വനിതാ സംരംഭകർക്ക് പുതിയ ബിസിനസ് ആരംഭിക്കുന്നതിനും നിലവിലുള്ള ചെറുകിട സംരംഭങ്ങൾ വികസിപ്പിക്കുന്നതിനും സാമ്പത്തിക സഹായം നൽകുന്നതിനായി അവതരിപ്പിക്കപ്പെട്ട പദ്ധതിയാണ് മഹിളാ ഉദ്യം നിധി (Mahila Udyam Nidhi).
വനിതകളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബിസിനസ് വിപുലീകരണം, ഉൽപ്പാദനശേഷി വർധിപ്പിക്കൽ, പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങൾക്ക് സഹായം ലക്ഷ്യമിടുന്നു. പദ്ധതിയുടെ നിലവിലെ ലഭ്യതയും അപേക്ഷാ വ്യവസ്ഥകളും ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിൽ പരിശോധിക്കേണ്ടതാണ്.
വനിതാ ബിസിനസുകൾക്ക് സാമ്പത്തിക സഹായം
വനിതകളുടെ ഉടമസ്ഥതയിലുള്ള വിവിധ സംരംഭങ്ങൾക്ക് ബാങ്ക് വായ്പകളിലൂടെയും മറ്റ് സാമ്പത്തിക സഹായ സംവിധാനങ്ങളിലൂടെയും പിന്തുണ ലഭിക്കാം. ചില്ലറ വ്യാപാരം, ചെറുകിട സംരംഭങ്ങൾ, ഉൽപ്പാദന മേഖല, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള ബിസിനസ് വിപുലീകരിക്കുന്നതിനും ആവശ്യമായ മൂലധനം കണ്ടെത്താൻ ഇത്തരം വായ്പകൾ സഹായകമാണ്. എന്നാൽ വായ്പ അനുവദിക്കുന്നതിന് ഓരോ ധനകാര്യ സ്ഥാപനത്തിന്റെയും യോഗ്യതാ മാനദണ്ഡങ്ങളും നിബന്ധനകളും ബാധകമായിരിക്കും.
നൂതന ആശയങ്ങളുമായി സ്റ്റാർട്ടപ്പ് ഇന്ത്യ
പുതിയ ആശയങ്ങളുമായി സംരംഭങ്ങൾ ആരംഭിക്കുന്നവർക്കും അവ വളർത്താൻ ആഗ്രഹിക്കുന്നവർക്കും പിന്തുണ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് സ്റ്റാർട്ടപ്പ് ഇന്ത്യ (Startup India).
പദ്ധതിയിലൂടെ യോഗ്യതയുള്ള സംരംഭങ്ങൾക്ക് സ്റ്റാർട്ടപ്പ് അംഗീകാരം ലഭിക്കും. ഇതിന് പുറമെ സാമ്പത്തിക സഹായത്തിനും ഫണ്ടിങ്ങിനുമുള്ള അവസരങ്ങൾ, വിദഗ്ധരുടെ മാർഗനിർദേശം, ഇൻകുബേഷൻ പിന്തുണ, ബിസിനസ് മേഖലയിലെ ബന്ധങ്ങൾ വികസിപ്പിക്കാനുള്ള അവസരങ്ങൾ എന്നിവയും ലഭ്യമാണ്.
ബിസിനസ് വളർച്ചയ്ക്കാവശ്യമായ വിഭവങ്ങളും മാർഗനിർദേശങ്ങളും കണ്ടെത്തുന്നതിനും നൂതന ആശയങ്ങളെ വിപണിയിലെത്തിക്കുന്നതിനും ഈ സംരംഭം സഹായകമാകും. എന്നാൽ സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം ലഭിക്കുന്നത് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കുന്നതിന് തുല്യമല്ല.
കുറഞ്ഞ പലിശയിൽ വായ്പ; സ്ത്രീ ശക്തി പാക്കേജ്
വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്കുകൾ അവതരിപ്പിച്ചിട്ടുള്ള വായ്പാ സൗകര്യങ്ങളിൽ ഒന്നാണ് സ്ത്രീ ശക്തി പാക്കേജ് (Stree Shakti Package). സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
ചില്ലറ വ്യാപാരം, ഉൽപ്പാദനം, സേവന മേഖലകൾ, വിവിധ പ്രൊഫഷണൽ സംരംഭങ്ങൾ എന്നിവയ്ക്ക് വായ്പാ പിന്തുണ ലഭിക്കാവുന്നതാണ്. യോഗ്യരായ വനിതാ സംരംഭകർക്ക് ചില വ്യവസ്ഥകൾക്ക് വിധേയമായി പലിശയിളവും ലഭിച്ചേക്കാം. വായ്പാ തുക, പലിശ നിരക്ക്, യോഗ്യത എന്നിവ ബാങ്കിന്റെ നിലവിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും.
പുതിയ സംരംഭങ്ങൾക്ക് പി.എം.ഇ.ജി.പി പദ്ധതി
പുതിയ ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി (Prime Minister’s Employment Generation Programme – PMEGP).
നിർമാണ, സേവന മേഖലകളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഈ പദ്ധതി സഹായിക്കുന്നു. ഗ്രാമീണ, നഗര മേഖലകളിലുള്ള യോഗ്യരായ അപേക്ഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
വനിതകൾ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ പദ്ധതിയിൽ അഞ്ച് ശതമാനം സ്വന്തം വിഹിതം നൽകിയാൽ മതിയാകും. പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രകാരം ഗ്രാമീണ മേഖലയിൽ 35 ശതമാനവും നഗര മേഖലയിൽ 25 ശതമാനവും സബ്സിഡിക്ക് അർഹതയുണ്ട്. മറ്റ് യോഗ്യതാ മാനദണ്ഡങ്ങളും നിബന്ധനകളും ബാധകമാണ്.
ചെറുകിട ബിസിനസുകൾക്ക് മുദ്ര ലോൺ
ചെറുകിട ബിസിനസുകൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും സഹായിക്കുന്ന കേന്ദ്രസർക്കാർ വായ്പാ പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന (Pradhan Mantri MUDRA Yojana).
സൂക്ഷ്മ സംരംഭങ്ങൾക്ക് ഈടില്ലാതെ വായ്പ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിർമാണം, വ്യാപാരം, സേവന മേഖലകൾ, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സംരംഭകർക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.
മുദ്ര വായ്പകൾ നാല് വിഭാഗങ്ങളിലായാണ് ലഭിക്കുന്നത്.
ശിശു (Shishu): 50,000 രൂപ വരെ.
കിഷോർ (Kishor): 50,000 രൂപയ്ക്ക് മുകളിൽ അഞ്ച് ലക്ഷം രൂപ വരെ.
തരുൺ (Tarun): അഞ്ച് ലക്ഷത്തിന് മുകളിൽ 10 ലക്ഷം രൂപ വരെ.
തരുൺ പ്ലസ് (Tarun Plus): 10 ലക്ഷത്തിന് മുകളിൽ 20 ലക്ഷം രൂപ വരെ. മുമ്പ് തരുൺ വിഭാഗത്തിൽ വായ്പയെടുത്ത് വിജയകരമായി തിരിച്ചടച്ചവർക്ക് മാത്രമാണ് ഈ വിഭാഗത്തിൽ അർഹത.
ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷ്യസംരംഭങ്ങൾ, സേവന മേഖലകൾ, ഉൽപ്പാദന യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് മുദ്ര വായ്പ പ്രയോജനപ്പെടുത്താം. വായ്പ അനുവദിക്കുന്നത് ബാങ്കുകളുടെയും മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെയും നിബന്ധനകൾക്ക് വിധേയമായാണ്.
സാമ്പത്തിക സഹായം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വനിതാ സംരംഭകർക്ക് ലഭ്യമായ വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിന് മുമ്പ് അവയുടെ നിലവിലെ ലഭ്യത, യോഗ്യതാ മാനദണ്ഡങ്ങൾ, പലിശ നിരക്ക്, തിരിച്ചടവ് കാലാവധി എന്നിവ കൃത്യമായി മനസിലാക്കണം. ബിസിനസ് പദ്ധതി, ആവശ്യമായ രേഖകൾ, സംരംഭത്തിന്റെ സ്വഭാവം, സാമ്പത്തിക ശേഷി തുടങ്ങിയവയും വായ്പ അനുവദിക്കുന്നതിൽ നിർണായകമാണ്.
ഓരോ പദ്ധതിയുടെയും ഔദ്യോഗിക മാർഗനിർദേശങ്ങൾ പരിശോധിച്ചശേഷം ബന്ധപ്പെട്ട ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ സമീപിക്കുന്നതാണ് ഉചിതം. മികച്ച ബിസിനസ് ആശയങ്ങൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ കണ്ടെത്തുന്നതിലൂടെ വനിതകൾക്ക് സംരംഭകത്വ രംഗത്ത് കൂടുതൽ മുന്നേറാനാകും.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources


