അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റിലെ തകർച്ചയെ തുടർന്ന് ഈ ആഴ്ചയുടെ തുടക്കത്തിൽ വില ഇടിഞ്ഞ ബിറ്റ്കോയിൻ , ഇടിഎഫ് നിക്ഷേപങ്ങളുടെ പിന്തുണയോടെ 82,500 ഡോളറിന് മുകളിലേക്ക് തിരിച്ചെത്തി. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് കൂടുതൽ പണം എത്തിയത് ക്രിപ്റ്റോകറൻസി വിപണിയിലെ ആശങ്കകൾ കുറയ്ക്കാൻ സഹായിച്ചു.
ആശങ്കകൾ ബാക്കി
ആഗോള വിപണിയിൽ ഇപ്പോഴും ചില പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങളും, കൃത്രിമ ബുദ്ധി സംബന്ധമായ സുരക്ഷാ ആശങ്കകളും കാരണം നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.ഈ ആഴ്ച വിപണിയിൽ വലിയ രീതിയിലുള്ള വില വ്യതിയാനങ്ങൾ കാണാൻ കഴിഞ്ഞു. ഡെറിവേറ്റീവ് വിപണിയിലെ വ്യാപാരങ്ങളിൽ ലക്ഷക്കണക്കിന് വ്യാപാരികൾക്ക് വലിയ തുക നഷ്ടപ്പെടുകയും വിപണിയിൽ വലിയ സമ്മർദ്ദം തുടരുകയും ചെയ്യുന്നുണ്ടെങ്കിലും, ബിറ്റ്കോയിൻ വില വീണ്ടും കരകയറുന്നത് നിക്ഷേപകർക്ക് ആശ്വാസമായിട്ടുണ്ട്.
ബോണ്ട് വരുമാനമായി ബന്ധമുണ്ടോ?
ബോണ്ട് യീൽഡും ബിറ്റ്കോയിൻ വിലയും തമ്മിൽ പ്രധാനപ്പെട്ട ചില ബന്ധങ്ങളുണ്ട്. സാധാരണയായി ഗവൺമെന്റ് ബോണ്ടുകളുടെ പലിശ നിരക്ക് വർദ്ധിക്കുമ്പോൾ, അത് ബിറ്റ്കോയിൻ പോലുള്ള റിസ്കുള്ള നിക്ഷേപങ്ങൾക്ക് തിരിച്ചടിയാകാറുണ്ട്. സുരക്ഷിതമായ ബോണ്ടുകളിൽ നിന്ന് കൂടുതൽ ലാഭം ലഭിക്കുമ്പോൾ, നിക്ഷേപകർ ക്രിപ്റ്റോകറൻസി പോലെയുള്ള ഉയർന്ന റിസ്കുള്ള വിപണികളിൽ നിന്ന് പണം പിൻവലിച്ച് ബോണ്ടുകളിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.
എന്നാൽ ഈ ബന്ധം എപ്പോഴും ഒരേപോലെ ആയിരിക്കണമെന്നില്ല. പണപ്പെരുപ്പമോ സാമ്പത്തിക പ്രതിസന്ധിയോ കാരണം ഗവൺമെന്റ് കൂടുതൽ പണം അച്ചടിക്കേണ്ടി വരുമ്പോൾ അല്ലെങ്കിൽ കറൻസിയുടെ മൂല്യം ഇടിയുമ്പോൾ, നിക്ഷേപകർ അതിൽ നിന്നും രക്ഷനേടാൻ ബിറ്റ്കോയിനെ ഒരു സുരക്ഷിത താവളമായി കാണാറുണ്ട്. അതിനാൽ, ബോണ്ട് യീൽഡിലെ മാറ്റങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിനനുസരിച്ച് ബിറ്റ്കോയിൻ വിലയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.
English Summary
Generally, there is an inverse relationship between government bond yields and Bitcoin prices. When bond yields rise, investors often shift their funds toward these safer, guaranteed returns, which reduces demand for high-risk assets like Bitcoin and causes its price to fall. Conversely, when yields drop, low returns on traditional safe assets encourage investors to seek higher gains in risky markets like cryptocurrency.
However, this dynamic can change depending on economic conditions. During periods of high inflation or currency devaluation, investors may view Bitcoin as a hedge against fiat instability. Consequently, Bitcoin's price movements relative to bond yields depend heavily on broader macroeconomic context and investor sentiment.





