ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റയില്‍ അധികാരത്തര്‍ക്കം പുതിയ ഘട്ടത്തിലേക്ക്. ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി എന്‍. ചന്ദ്രശേഖരനെ മൂന്നാം തവണയും നിയമിക്കാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ നോയല്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ട്രസ്റ്റ്സ് നിയമനടപടി ആരംഭിച്ചു. നവംബര്‍ 27 വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി കേസ് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 30-ന് നടക്കാനിരിക്കുന്ന ടാറ്റ സണ്‍സ് ബോര്‍ഡ് യോഗത്തിന് തൊട്ടുമുമ്പുള്ള ഈ നീക്കം ഗ്രൂപ്പിന്റെ നിര്‍ണായക തീരുമാനങ്ങളെ ബാധിച്ചേക്കും.
കമ്പനിയുടെ ഭരണഘടനാ വ്യവസ്ഥകള്‍ മറികടന്നാണ് നിയമനമെന്നാണ് ടാറ്റ ട്രസ്റ്റ്സിന്റെ പ്രധാന ആരോപണം. ടാറ്റ ഗ്രൂപ്പിന്റെ ഭാവി നിയന്ത്രണം, ഓഹരി വിപണിയിലെ പ്രവേശനം, ട്രസ്റ്റുകളുടെ അധികാരം എന്നിവയെല്ലാം നിര്‍ണയിച്ചേക്കാവുന്ന നിര്‍ണായക നിയമപ്പോരാട്ടത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.
2026 സെപ്റ്റംബര്‍ 17-നാണ് ചന്ദ്രശേഖരന് അഞ്ച് വര്‍ഷത്തേക്ക് കൂടി എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരാന്‍ ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. നിലവിലെ കാലാവധി 2027 ഫെബ്രുവരി 20-ന് അവസാനിക്കാനിരിക്കെയാണ് പുനര്‍നിയമന തീരുമാനം. എന്നാല്‍, ഈ തീരുമാനമെടുക്കാന്‍ സ്വീകരിച്ച വോട്ടിങ് രീതി കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് ഓപ് അസോസിയേഷന് (AoA) എന്ന ഭരണഘടനാ രേഖയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നാണ് ട്രസ്റ്റ്സിന്റെ വാദം.
വോട്ടെടുപ്പില്‍ തര്‍ക്കം
സെപ്റ്റംബര്‍ 17-ലെ യോഗത്തില്‍ ടാറ്റ ട്രസ്റ്റ്സിന്റെ പ്രതിനിധികളായ നോയല്‍ ടാറ്റയും വേണു ശ്രീനിവാസനും ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തില്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. നോയല്‍ ടാറ്റ എതിര്‍ത്തപ്പോള്‍ വേണു ശ്രീനിവാസന് അനുകൂലിച്ചു. ഇതോടെ വോട്ടുകള്‍ തുല്യമായ സാഹചര്യത്തില്‍ യോഗത്തിന് അധ്യക്ഷത വഹിച്ച സ്വതന്ത്ര ഡയറക്ടര്‍ ഹരീഷ് മന്‍വാനി കാസ്റ്റിങ് വോട്ട് ഉപയോഗിച്ച് ചന്ദ്രശേഖരന്റെ നിയമനത്തിന് അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു.
ടാറ്റ സണ്‍സിന്റെ ഭരണസംവിധാനത്തില്‍ ആര്‍ട്ടിക്കിള്‍ 121-ന് വലിയ പ്രാധാന്യമുണ്ട്. ബോര്‍ഡിന്റെ നിര്‍ണായക തീരുമാനങ്ങള്‍ക്ക് ആര്‍ട്ടിക്കിള്‍ 104ബി പ്രകാരം നിയമിക്കപ്പെടുന്ന ട്രസ്റ്റ്സിന്റെ പ്രതിനിധികളില്‍ ഭൂരിപക്ഷത്തിന്റെ അനുകൂല വോട്ട് ലഭിച്ചിരിക്കണം എന്നാണ് ഈ വ്യവസ്ഥ.
ട്രസ്റ്റ്സിന്റെ പ്രതിനിധികളില്‍ ഭൂരിപക്ഷത്തിന്റെ അനുകൂല വോട്ട് നിര്‍ബന്ധമായ സാഹചര്യത്തില്‍ കാസ്റ്റിങ് വോട്ട് ഉപയോഗിച്ച് ആ വ്യവസ്ഥ മറികടക്കാനാകില്ലെന്നാണ് നോയല്‍ ടാറ്റയുടെ വാദം. അതിനാല്‍ പുനര്‍നിയമന തീരുമാനം അസാധുവായി പ്രഖ്യാപിക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് തടയണമെന്നുമാണ് കോടതിയോടുള്ള ആവശ്യം. ഡയറക്ടര്‍മാരില്‍ നിന്ന് നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
ടാറ്റ സണ്‍സിന്റെ നിയന്ത്രണം ആര്‍ക്ക്?
ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സില്‍ ടാറ്റ ട്രസ്റ്റ്സിന് ഏകദേശം 66 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അതുകൊണ്ടുതന്നെ ട്രസ്റ്റ്സിന്റെ നിലപാടുകള്‍ ഗ്രൂപ്പിന്റെ ദീര്‍ഘകാല നയങ്ങളിലും ഭരണപരമായ തീരുമാനങ്ങളിലും നിര്‍ണായകമാണ്.
നോയല്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുകള്‍ക്കും ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡിനും ഇടയില്‍ അഭിപ്രായവ്യത്യാസം ശക്തമായത് ചന്ദ്രശേഖരന്റെ പുനര്‍നിയമനം മാത്രമല്ല. ടാറ്റ സണ്‍സിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമോ, അതോ സ്വകാര്യ കമ്പനിയായി നിലനിര്‍ത്തണമോ എന്നതും തര്‍ക്കത്തിലെ മറ്റൊരു പ്രധാന വിഷയമാണ്.
റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ കൂടി ഈ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ടാറ്റ സണ്‍സിന്റെ ലിസ്റ്റിങ് സംബന്ധിച്ച നടപടികള്‍ മുന്നോട്ടുകൊണ്ടുപോകേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനിടെ, കമ്പനി പുനഃസംഘടിപ്പിച്ച് സ്വകാര്യ സ്ഥാപനമായി തുടരാനുള്ള സാധ്യതയാണ് നോയല്‍ ടാറ്റയുടെ പക്ഷം മുന്നോട്ടുവയ്ക്കുന്നത്. നവംബര്‍ 30-ലെ യോഗത്തില്‍ ലിസ്റ്റിങ് സംബന്ധിച്ച നടപടികള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ.
ബിസിനസിനെ ബാധിക്കുമോ?
ടാറ്റ മോട്ടോഴ്സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ സ്റ്റീല്‍, ടൈറ്റന് തുടങ്ങിയ വന്‍കിട കമ്പനികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിന്റെ നിയന്ത്രണ സംവിധാനത്തില്‍ ഉണ്ടാകുന്ന അനിശ്ചിതത്വം നിക്ഷേപകരുടെ ശ്രദ്ധ നേടും. എന്നാല്‍, ഈ നിയമപോരാട്ടം മാത്രം അടിസ്ഥാനമാക്കി ടാറ്റ ഗ്രൂപ്പിലെ കമ്പനികളുടെ സാമ്പത്തിക പ്രകടനം ഉടനടി തകരുമെന്ന് വിലയിരുത്താനാവില്ല.
പ്രധാനമായും നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത് മൂന്ന് കാര്യങ്ങളാണ്. ഒന്നാമതായി, ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തിന് കോടതി എന്ത് നിലപാടെടുക്കും? രണ്ടാമതായി, നവംബര്‍ 30-ലെ ബോര്‍ഡ് യോഗത്തില്‍ ടാറ്റ സണ്‍സിന്റെ ലിസ്റ്റിങ് സംബന്ധിച്ച് എന്ത് തീരുമാനമുണ്ടാകും? മൂന്നാമതായി, ട്രസ്റ്റുകളും ഡയറക്ടര്‍ ബോര്‍ഡും തമ്മിലുള്ള അധികാരത്തര്‍ക്കം ഗ്രൂപ്പിന്റെ ഭാവി നയങ്ങളെ എത്രത്തോളം ബാധിക്കും? ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പിന്റെ ഭരണസംവിധാനത്തില്‍ ഈ തര്‍ക്കം നിര്‍ണായക വഴിത്തിരിവായേക്കാമെന്നതില് സംശയമില്ല.
English Summary
The power struggle at Tata goes to court; Chandrasekaran’s third term is challenged, November 30 is crucial. Noel Tata argues that since a majority vote in favor of the representatives of the trusts is mandatory, that provision cannot be overridden by using the casting vote.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



