ഇറാനിലെ യുദ്ധം കാരണം അമേരിക്കയിലും ആഗോളവിപണിയിലും ഇന്ധനവില കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യയുമായി ഒരു പുതിയ ഇന്ധനക്കരാർ പ്രഖ്യാപിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്.
വില കുറയും
റഷ്യയുമായുള്ള ഈ കരാർ പ്രകാരം, ആദ്യഘട്ടമായി 3,00,000 ടൺ ഡീസൽ വിപണിയിലേക്ക് എത്തിക്കും. നവംബറിൽ വീണ്ടും 5,00,000 ടണ്ണും, അതിനുശേഷം 1 ദശലക്ഷം ടൺ ഡീസലും കൂടി ലഭ്യമാക്കാനാണ് ധാരണയായിരിക്കുന്നത്. അമേരിക്കയിലെയും ലോകമെമ്പാടുമുള്ള ഉയർന്ന ഇന്ധന വില നിയന്ത്രിക്കാനാണ് ഈ നടപടി.
ഇറാൻ യുദ്ധത്തെത്തുടർന്ന് ലോകമെമ്പാടും ഇന്ധനക്ഷാമവും വിലക്കയറ്റവും രൂക്ഷമായ സാഹചര്യത്തിലാണ് അമേരിക്ക റഷ്യയിൽ നിന്ന് ഡീസൽ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് സാധാരണക്കാരുടെയും കർഷകരുടെയും ട്രക്ക് ഡ്രൈവർമാരുടെയും യാത്രാവിലയും ചരക്കുകൂലിയും കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെരെഞ്ഞെടുപ്പ് മാത്രം ലക്ഷ്യം
അമേരിക്കയിൽ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളെ ഈ നീക്കം രാഷ്ട്രീയമായി ഏറെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇറാൻ യുദ്ധം കാരണം ഇന്ധനവില കുത്തനെ ഉയർന്നത് ഭരണകക്ഷിക്കും റിപ്പബ്ലിക്കൻ പാർട്ടി വോട്ടർമാർക്കും വലിയ ആശങ്കയുണ്ടാക്കിയിരുന്നു. അതിനാൽ, ഇന്ധനവില കുറയ്ക്കുന്നതിലൂടെ സാധാരണക്കാരുടെയും കർഷകരുടെയും വലിയൊരു വിഭാഗം വോട്ടർമാരുടെ അതൃപ്തി കുറയ്ക്കാനും രാഷ്ട്രീയമായി അനുകൂല സാഹചര്യം സൃഷ്ടിക്കാനുമാണ് ട്രംപ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എന്നാൽ, വർഷങ്ങളായി റഷ്യക്കെതിരെ നിലനിന്ന കടുത്ത ഉപരോധ നയങ്ങളിൽ നിന്നുള്ള ഈ പിന്മാറ്റം വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. റഷ്യയുമായി ഡീസൽ കരാർ ഉണ്ടാക്കിയത് രാഷ്ട്രീയ പ്രതിയോഗികൾക്ക് പുതിയ ആയുധം നൽകുമെന്നും ഇത് തിരഞ്ഞെടുപ്പിൽ എതിരാളികൾ ശക്തമായ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുമെന്നും വിലയിരുത്തപ്പെടുന്നു.





