ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നവര്‍ക്ക് ബാങ്കുകളുടെ ജാഗ്രതക്കുറവ് കാരണമാണെന്ന് കണ്ടെത്തിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന നിലപാട് സുപ്രീംകോടതി മുന്നോട്ടുവച്ചു. തട്ടിപ്പുകള്‍ തടയുന്നതില്‍ വീഴ്ച വരുത്തുന്ന ധനകാര്യ സ്ഥാപനങ്ങളെ ഉത്തരവാദികളാക്കണമെന്നും നഷ്ടപ്പെട്ട തുകയെങ്കിലും ഇരകള്‍ക്ക് തിരികെ ലഭിക്കുന്നതിനുള്ള നിര്‍ബന്ധിത വ്യവസ്ഥകള്‍ വേണമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, ജെ.വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസില്‍ നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിനോട് കോടതി ആവശ്യപ്പെട്ടു. നിര്‍ദിഷ്ട കെവൈസി ഭേദഗതി നിര്‍ദേശങ്ങള്‍ 2026 നവംബര്‍ 30നകം വിജ്ഞാപനം ചെയ്യുകയും ഡിസംബറോടെ നടപ്പാക്കുകയും ചെയ്യുമെന്നാണ് ആര്‍ബിഐ കോടതിയെ അറിയിച്ചത്.
അന്വേഷണം പൂര്‍ത്തിയായശേഷം നടപടി സ്വീകരിക്കുന്നതിനു പകരം തട്ടിപ്പ് നടക്കുന്നതിന് മുമ്പ് സംശയാസ്പദമായ ഇടപാടുകള്‍ തടയാനുള്ള സംവിധാനം വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഉപഭോക്താവിന്റെ പതിവ് ഇടപാടുകളില്‍നിന്ന് വ്യത്യസ്തമായ വലിയ തുക കൈമാറ്റങ്ങള്‍ കണ്ടെത്തിയാല്‍ ബാങ്കുകള്‍ താല്‍ക്കാലികമായി ഇടപാട് തടയുകയും സമീപത്തെ പൊലീസ് സ്റ്റേഷനെ അറിയിക്കുകയും ചെയ്യുന്നതടക്കമുള്ള നടപടികള്‍ പരിഗണിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട എഫ്ഐആറുകള്‍, അന്വേഷണങ്ങള്‍, പ്രതിരോധ നിര്‍ദേശങ്ങള്‍ എന്നിവ സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് മേധാവികളോടും കോടതി ആവശ്യപ്പെട്ടു. ഈ വിവരങ്ങള്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിനും കൈമാറണം. ഈ വര്‍ഷം ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ മൂലമുള്ള നഷ്ടം ഏകദേശം 800 കോടി രൂപയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



