ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും ആവേശം. വിദേശ നിക്ഷേപകര്‍ പണമൊഴുക്ക് പുനരാരംഭിച്ചതും ക്രൂഡ് ഓയില്‍ വിലയിലെ ഇടിവും കമ്പനികളുടെ മികച്ച പാദഫലങ്ങളും ചേര്‍ന്നപ്പോള്‍ ചൊവ്വാഴ്ച സെന്‍സെക്സും നിഫ്റ്റിയും ശക്തമായ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 1,225.07 പോയിന്റ് (1.62%) ഉയര്‍ന്ന് 76,917.85ലും നിഫ്റ്റി 370.05 പോയിന്റ് (1.58%) നേട്ടത്തോടെ 23,810.85ലുമാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ സെന്‍സെക്സ് 76,917.85 എന്ന ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു.
കഴിഞ്ഞ നാല് വ്യാപാര സെഷനുകളിലായി ഇരു പ്രധാന സൂചികകളും ഏകദേശം അഞ്ച് ശതമാനം വീതം ഉയര്‍ന്നത് വിപണിയിലെ തിരിച്ചുവരവിന്റെ ശക്തി വ്യക്തമാക്കുന്നു. നിക്ഷേപകരുടെ സമ്പത്തില്‍ ഒരുദിവസം കൊണ്ട് ഏകദേശം 4.71 ലക്ഷം കോടി കൂട്ടിച്ചേര്‍ക്കപ്പെട്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
പത്ത് ദിവസത്തിനിടെ 21,700 കോടിയിലേറെ ഡോളര്‍ വരവ്
വിപണിക്ക് ഏറ്റവും വലിയ ആത്മവിശ്വാസം നല്‍കുന്നത് വിദേശ നിക്ഷേപകരുടെ തിരിച്ചുവരവാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രാഥമിക വിപണിയിലുമായി 2.28 ബില്യണ്‍ ഡോളര്‍, ഏകദേശം 21,700 കോടി രൂപ നിക്ഷേപിച്ചു. ഇതില്‍ 1.14 ബില്യണ്‍ ഡോളര്‍ ഓഹരി വിപണികളിലൂടെയും മറ്റൊരു 1.14 ബില്യണ്‍ ഡോളര്‍ പ്രാഥമിക വിപണിയിലൂടെയുമാണ് എത്തിയത്.
ഈ നിക്ഷേപത്തിന്റെ വലിയൊരു പങ്ക് ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരി വിപണി പ്രവേശനവുമായി ബന്ധപ്പെട്ടതാണ്. ഒക്ടോബര്‍ 28ന് വിപണിയിലെത്തിയ ജിയോയുടെ ഓഹരികള്‍ ആദ്യദിവസം ഇഷ്യൂ വിലയേക്കാള്‍ 21.4 ശതമാനം ഉയര്‍ന്ന് 1,358ല്‍ ലിസ്റ്റ് ചെയ്യുകയും വ്യാപാരം അവസാനിക്കുമ്പോള്‍ 1,419ലെത്തുകയും ചെയ്തു. പത്ത് ദിവസത്തെ വിദേശ നിക്ഷേപത്തില്‍ ഏകദേശം 1.1 ബില്യണ്‍ ഡോളര്‍ ജിയോയുടെ ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ടതാണെന്നാണ് കണക്ക്.
ക്രൂഡ് ഓയില്‍ വിലയും ആഗോള സാഹചര്യങ്ങളും
ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 115 ഡോളറിനടുത്തുനിന്ന് 104-105 ഡോളര്‍ മേഖലയിലേക്ക് താഴ്ന്നതും ഇന്ത്യന്‍ വിപണിക്ക് ആശ്വാസമായി. ഇറക്കുമതി ചെയ്യുന്ന എണ്ണയെ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് വില കുറയുന്നത് കമ്പനികളുടെ ചെലവിനും രാജ്യത്തിന്റെ വ്യാപാരക്കമ്മിക്കും പണപ്പെരുപ്പത്തിനും അനുകൂലമാണ്.
ആഗോള വിപണികളിലെ എഐ, സെമികണ്ടക്റ്റര്‍ ഓഹരികളിലെ വില്‍പ്പന സമ്മര്‍ദവും നിക്ഷേപകരുടെ പണത്തെ ഇന്ത്യ പോലുള്ള പരമ്പരാഗത മേഖലകളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്ന ഘടകമായി വിലയിരുത്തപ്പെടുന്നു. മികച്ച ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയും കമ്പനികളുടെ വരുമാനത്തിലെ മുന്നേറ്റവും ഇന്ത്യയുടെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു.
എല്ലാ മേഖലകളിലും ഒരുപോലെ നേട്ടമില്ല
ചൊവ്വാഴ്ച എഫ്എംസിജി, റിയല്‍റ്റി, സ്വകാര്യ ബാങ്ക്, വാഹന ഓഹരികളാണ് വിപണിക്ക് പ്രധാന കരുത്തായത്. എഫ്എംസിജി സൂചിക 3.65 ശതമാനവും റിയല്‍റ്റി 2.33 ശതമാനവും സ്വകാര്യ ബാങ്ക് 1.98 ശതമാനവും ഉയര്‍ന്നു. എന്നാല്‍ പൊതുമേഖലാ ബാങ്ക്, ലോഹം, ഊര്‍ജ മേഖലകളില്‍ സമ്മര്‍ദം തുടര്‍ന്നു. മികച്ച പാദഫലം പുറത്തുവിട്ടിട്ടും എസ്ബിഐ ഓഹരി 1.70 ശതമാനം താഴ്ന്നത് ഇതിന് ഉദാഹരണമാണ്.
തിരിച്ചുവരവ് സ്ഥിരതയാര്ജിക്കുമോ?
വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് വര്‍ധിക്കുന്നതും ക്രൂഡ് വില താഴുന്നതും വിപണിക്ക് അനുകൂല സൂചനകളാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ വിദേശ നിക്ഷേപകരുടെ വില്‍പ്പനയുടെ ആഴം കണക്കിലെടുക്കുമ്പോള്‍ പത്ത് ദിവസത്തെ വാങ്ങല്‍ മാത്രം കണക്കാക്കി ട്രെന്‍ഡ് പൂര്‍ണമായി മാറിയെന്ന് പറയാനാവില്ല. 2022 ജൂലൈ മുതല്‍ വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ 51.5 ബില്യണ്‍ ഡോളറിന്റെ അറ്റ പിന്‍വലിക്കല്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



