സച്ചിന് സലിം
സിഇഒ, ലെവല്‍100 റിയല്‍റ്റി
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…
ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം പല കാര്യങ്ങളിലും മാതൃകയാണ്. സാമൂഹ്യ സമരസതയും സുരക്ഷയും നമ്മുടെ സവിശേഷതയാണ്. സാക്ഷരതയുടെയും സംസ്കാരത്തിന്റെയും ആരോഗ്യ പരിചരണത്തിന്റെയും അടിസ്ഥാനത്തിലും നമ്മള് മുന്‍പന്തിയിലുണ്ട്. അടിസ്ഥാന സൗകര്യങ്ങളും തൊഴില്‍ സൃഷ്ടിയും കൂടി ഇതിനൊപ്പമുണ്ടായാല് നമ്മളെ തടഞ്ഞുനിര്‍ത്താന്‍ ഒന്നിനുമാവില്ല. നല്ല റോഡുകളടക്കം അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിവേഗം തന്നെ ഈ സൗകര്യങ്ങള്‍ കൊണ്ടുവരികയും വേണം. കൊച്ചിയെപ്പോലെയുള്ള നഗരങ്ങള്‍ക്ക് ബെംഗളൂരുവുമായി പോലും മല്‍സരിക്കാന്‍ ഇതിലൂടെ സാധിക്കും.

ഇന്‍ഫോപാര്‍ക്കിന് ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്. മെട്രോയുടെ അടുത്ത ഘട്ടം ഇന്‍ഫോപാര്‍ക്കിലേക്ക് എത്തുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടും. കമ്പനികള്‍ കൂടുതലായി എത്തുകയും തൊഴില്‍ ലഭ്യത ഉയരുകയും ചെയ്യും.
ഭൂമി തരം മാറ്റുന്നതിന് ഉയര്‍ന്ന നിരക്കാണ് നിലവില്‍ സര്‍ക്കാര്‍ ഈടാക്കുന്നത്. എന്നാല്‍ അതിന് ആനുപാതികമായ സേവനങ്ങള്‍ ലഭിക്കുന്നില്ല. ഒന്നുരണ്ട് വര്‍ഷമായി ഭൂമി തരം മാറ്റുന്നതിനായി നടക്കുന്ന ആളുകളെ അറിയാം. ഈ പ്രോസസ് വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം. ഒട്ടും ഉല്‍പ്പാദനമില്ലാതെ കിടക്കുന്ന ഒരു ഭൂമിയില്‍ ഒരു റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് വന്നാല്‍ സര്‍ക്കാരിനും അത് പലവിധത്തില്‍ നേട്ടമാണ്.
കേരളത്തില്‍ ഭൂമിയുടെ ലഭ്യത പരിമിതമായതിനാല്‍ ലഭ്യമായ ഭൂമി പരമാവധി കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള നയം ആവശ്യമാണ്. സിആര്‍സെഡ് മൂലം ഭൂമി ഉപയോഗിക്കാനാവാത്ത സാഹചര്യമുണ്ട്. കേരളത്തിലെ പ്രധാന നഗരങ്ങളെല്ലാം കടലിനോട് ചേര്‍ന്നാണ്. 50 മീറ്റര്‍ ഭൂമി സിആര്‍സെഡില്‍ പോകുന്നു. സ്വകാര്യ പദ്ധതികളേയും സര്‍ക്കാര്‍ പദ്ധതികളേയും ഈ നിയന്ത്രണങ്ങള്‍ ഒരുപോലെ ബാധിക്കുന്നു.





