മനോജ് പി ജോസഫ്
ഡയറക്ടര്‍, ന്യൂറല്‍ നെറ്റ്വര്ക്സ്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…
ചെറുപ്പക്കാര്‍ നാടുവിടുന്നതാണ് കേരളത്തിന്റെ പ്രധാന ആശങ്കകളിലൊന്ന്. മികച്ച തൊഴിലവസരങ്ങള്‍ ഇവിടെത്തന്നെ സൃഷ്ടിക്കുകയാണ് അതിന് പരിഹാരം. ഭൂമിയുടെ ലഭ്യതക്കുറവ് ഒരു പരിമിതിയാണ്. ഐടി, ഐടി സേവനങ്ങള്‍, ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് പോലെ അധികം സ്പേസ് ആവശ്യമില്ലാത്ത വ്യവസായങ്ങളെ പ്രോല്സാഹിപ്പിച്ചാല് നേരിട്ടും അല്ലാതെയും നമുക്ക് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. ഐടിയില്‍ വലിയ മാറ്റങ്ങള്‍ വരുന്ന കാലമാണ്. എഐയുടെ അവസരങ്ങളെയും നമ്മള് പ്രയോജനപ്പെടുത്തണം.

ഗ്രാമീണ മേഖലയില്‍ ഐടി പാര്‍ക്കുകള്‍ സ്ഥാപിച്ചെങ്കിലും അവയ്ക്ക് കമ്പനികളുടെ കാര്യമായ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ടെക്നോപാര്‍ക്കിനോടും ഇന്ഫോപാര്ക്കിനോടും ചേര്‍ന്ന് കൂടുതല്‍ സൗകര്യങ്ങള്‍ കമ്പനികള്‍ക്ക് ഒരുക്കിക്കൊടുക്കുകയാണ് അഭികാമ്യം. ഇവിടേക്കുള്ള റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും മെച്ചപ്പെടുത്തുകയും വേണം. നിലവില്‍ യാത്രക്കായി ഏറെ സമയം നഷ്ടമാകുന്ന സാഹചര്യമുണ്ട്.
കേരളത്തില്‍ ആരംഭിച്ച നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ബെംഗളൂരുവിലേക്കും മറ്റും പ്രവര്‍ത്തനം മാറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ ഇതിന്റെ കാരണങ്ങള്‍ വിലയിരുത്തണം. ബെംഗളൂരുവില്‍ നിന്നും മറ്റും കമ്പനികളെ കേരളത്തിലേക്ക് എത്തിക്കാനാകും. ഇവിടെ താരതമ്യേന ജീവിതച്ചെലവ് കുറവാണ്. വിദേശ കമ്പനികളുടെ ഓഫ്ഷോര്‍ സെന്ററുകള്‍ക്കും കേരളം അനുയോജ്യമാണ്. അനുമതികള്‍ക്കും മറ്റും ഏകജാലക സംവിധാനം ഒരുക്കി നടപടിക്രമങ്ങളുടെ വേഗത കൂട്ടണം. ഐടി മേഖലയിലെ പരിണിതപ്രജ്ഞരായ മലയാളികളുടെ ഉപദേശം സര്‍ക്കാരിന് തേടാവുന്നതാണ്.
വിദ്യഭ്യാസ മേഖലയിലാണ് കാതലായ മാറ്റം വരേണ്ടത്. ഭാവിയില്‍ ഏത് മേഖലകളിലാണ് അവസരങ്ങളെന്ന് വിലയിരുത്തി നമ്മുടെ വിദ്യാര്‍ത്ഥികളെ അതിനനുസരിച്ച് ഡെവലപ്പ് ചെയ്താല്‍ ഇവിടെ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനും പുറത്തേക്കുള്ള ഒഴുക്ക് കുറയ്ക്കാനും സാധിക്കും. വിദ്യാഭ്യാസ രംഗത്തെ ദീര്‍ഘദര്‍ശികളായ വിദഗ്ധര്‍ ഇതിനായുള്ള കരിക്കുലം തയാറാക്കേണ്ടതിന് വലിയ പ്രാധാന്യമുണ്ട്.
ഇതിനൊപ്പം ടൂറിസം മേഖലയെ കൂടുതല്‍ പ്രൊമോട്ട് ചെയ്യണം. കുറെക്കൂടി മെച്ചപ്പെട്ട രീതിയില്‍ ടൂറിസം മേഖലയെ നവീകരിച്ചിരിക്കുന്ന രാജ്യങ്ങളെ മാതൃകയാക്കാവുന്നതാണ്.





