ഗുണനിലവാര പരിശോധനയിൽ പരാജയപ്പെടുന്ന മരുന്നുകളുടെ നിർമാണ ലൈസൻസും ഉൽപ്പന്ന അനുമതിയും ഉടൻ സസ്പെൻഡ് ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഫാർമസ്യൂട്ടിക്കൽ വ്യവസായ സംഘടനകൾ. ഡ്രഗ്സ് റൂൾസ്, 1945-ലെ 85, 122O ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള നിർദേശത്തെയാണ് സംഘടനകൾ ചോദ്യം ചെയ്തിരിക്കുന്നത്. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുകയും രോഗികളുടെ സുരക്ഷ സംരക്ഷിക്കുകയും ചെയ്യുകയെന്ന സർക്കാർ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, എല്ലാ കേസുകളിലും ഒരേ രീതിയിൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് അനാവശ്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് സംഘടനകളുടെ വാദം.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ് (IPA), ഫെഡറേഷൻ ഓഫ് ഫാർമ എന്റർപ്രണേഴ്സ് (FOPE), ലഘു ഉദ്യോഗ് ഭാരതി തുടങ്ങിയ സംഘടനകളാണ് നിർദേശത്തിനെതിരെ രംഗത്തെത്തിയത്. സർക്കാർ അനലിസ്റ്റിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ ഒരു മരുന്ന് നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ ഉടൻ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്ന വ്യവസ്ഥയാണ് പ്രധാനമായും എതിർപ്പിന് കാരണമായിരിക്കുന്നത്.
ഒരു ബാച്ചിൽ ഗുണനിലവാര പ്രശ്നം കണ്ടെത്തിയതുകൊണ്ടുമാത്രം കമ്പനിയുടെ മുഴുവൻ നിർമാണ സംവിധാനത്തിലും വീഴ്ചയുണ്ടെന്ന് വിലയിരുത്താനാകില്ലെന്നാണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസിന്റെ നിലപാട്. പ്രശ്നത്തിന്റെ ഗൗരവവും രോഗികളുടെ സുരക്ഷയ്ക്കുള്ള അപകടസാധ്യതയും പരിഗണിച്ചായിരിക്കണം നടപടി. വ്യാപകമായ ഗുണനിലവാര വീഴ്ചയ്ക്ക് തെളിവില്ലെങ്കിൽ നടപടി ബന്ധപ്പെട്ട ബാച്ചിൽ മാത്രം പരിമിതപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു.
പരിശോധനാ നടപടികളിൽ കൂടുതൽ സുതാര്യത വേണമെന്നും ലബോറട്ടറി പരിശോധനാ വിവരങ്ങൾ നിർമ്മാതാക്കൾക്ക് ലഭ്യമാക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. പ്രാഥമിക പരിശോധനാ ഫലങ്ങൾക്കു പിന്നാലെ സ്ഥിരീകരണ പരിശോധനയ്ക്കും നിർമ്മാതാവിന്റെ വിശദീകരണം കേൾക്കുന്നതിനും അവസരം നൽകണം. അന്വേഷണം, തിരുത്തൽ നടപടികൾ, ലൈസൻസ് പുനഃസ്ഥാപിക്കൽ എന്നിവയ്ക്കെല്ലാം വ്യക്തമായ സമയപരിധിയും നിശ്ചയിക്കണം.
ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് കമ്പനികളുടെ പ്രവർത്തനങ്ങളെയും കരാർ ബാധ്യതകളെയും തൊഴിലിനെയും വിതരണ ശൃംഖലയെയും പ്രതിച്ഛായയെയും ബാധിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഫാർമ എന്റർപ്രണേഴ്സ് ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യം സംരക്ഷിക്കാൻ അടിയന്തര നടപടി ആവശ്യമായ സാഹചര്യങ്ങളിൽപ്പോലും നിർമ്മാതാക്കൾക്ക് നിശ്ചിത സമയത്തിനുള്ളിൽ വിശദീകരണം നൽകാനും വാദം കേൾക്കാനും അവസരം ഉറപ്പാക്കണം. അതിനൊപ്പം നടപടി സ്വീകരിക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന ഉത്തരവും വേണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഗുണനിലവാരത്തിൽ ഗുരുതരമായ വീഴ്ച കണ്ടെത്തുന്ന സാഹചര്യങ്ങളിൽ വേഗത്തിലുള്ള ഇടപെടൽ അനിവാര്യമാണെങ്കിലും, എല്ലാ കേസുകളിലും യാന്ത്രികമായി ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് മരുന്നുകളുടെ ഉൽപ്പാദനത്തെയും ലഭ്യതയെയും ബാധിക്കാനിടയുണ്ടെന്നാണ് വ്യവസായ സംഘടനകളുടെ മുന്നറിയിപ്പ്.
English Summary
Pharmaceutical industry associations have opposed the Central Government's move to swiftly suspend manufacturing licences and product approvals for drugs that fail quality tests. The associations have raised concerns over the proposed amendments to Rules 85 and 122O of the Drugs Rules, 1945. While they support the government's objective of ensuring drug quality and safeguarding patient safety, they argue that suspending licences uniformly in all cases could lead to unintended consequences.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



